Entertainment
എന്റെ പേരിനൊപ്പം മെയ്ഡ് ഇൻ കേരളയെന്ന് ചേർക്കുന്നതിൽ തെറ്റില്ല, കാരണം..: കമൽ ഹാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 10, 04:59 pm
Wednesday, 10th July 2024, 10:29 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചതും വാർത്തയായിരുന്നു.

 

63 വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ബംഗാളി ഭാഷകളിലായി 230ലധികം സിനിമകളില്‍ അഭിനയിച്ചു. സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്.

കരിയറിന്റെ തുടക്കത്തിൽ മലയാളത്തിലും സിനിമകളുടെ ഭാഗമായിട്ടുണ്ട് കമൽഹാസൻ. തന്റെ പേരിൽ മെയ്ഡ് ഇൻ കേരള എന്ന് ചേർക്കുന്നതിൽ തെറ്റില്ലെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കേരളത്തിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അങ്ങനെയുള്ള കുറെപേരും സിനിമക്കാരും ചേർന്നാണ് ഇന്നുള്ള എന്നെ ഉണ്ടാക്കിയത്. ഒരു സാധനം എവിടെയാണ് ഉണ്ടാക്കിയതെന്ന് പറയാറുണ്ട്.

അങ്ങനെയാണെങ്കിൽ എന്റെ പേരിന് താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. കുറച്ച് തമിഴ്നാട്ടിലും, ബാക്കി കുറച്ച് വേറേ എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് ഞാൻ. അതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനൊരു പാൻ ഇന്ത്യൻ ആക്ടറായി ഇവിടെ നിൽക്കുന്നത്,’കമൽ ഹാസൻ പറയുന്നു.

 

Content Highlight: Kamal Hassan Talk About Malayalam Cinema And Kerala