ഭാരത് ബന്ദില്‍ പങ്കെടുക്കും; കര്‍ഷക സമരത്തിന് പിന്തുണയുമായി മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരെ സമരവേദിയിലേക്ക് അയച്ച് കമല്‍ഹാസന്‍
farmers protest
ഭാരത് ബന്ദില്‍ പങ്കെടുക്കും; കര്‍ഷക സമരത്തിന് പിന്തുണയുമായി മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരെ സമരവേദിയിലേക്ക് അയച്ച് കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 11:18 pm

ചെന്നൈ: ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. സമരത്തില്‍ തന്റെ പാര്‍ട്ടിയും പങ്കെടുക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഒരു സംഘം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ സമരവേദിയില്‍ എത്തിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. നേരത്തെ ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച ബന്ദ് ഉണ്ടാവില്ല. ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ദല്‍ഹിയിലേക്കുള്ള വഴികളെല്ലാം തന്നെ ഉപരോധിക്കും.

എന്നാല്‍ അവശ്യ സര്‍വ്വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വിവാഹസംഘങ്ങളെ തടയില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ബന്ദിന് പിന്തുണയുമായി ട്രാന്‍സ്പോര്‍ട്ട് സംഘടനകളും രംഗത്തെത്തിയിരുന്നു.

ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ അറിയിച്ചത്.

ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kamal Haasan to attend Bharat Bandh; In support of the farmers’ protest
Makkal Needhi Maiam Activists were sent to the protest site