ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് ആര്‍. മഹേന്ദ്രന്‍. കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത്.
പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും രാജി സന്നദ്ധത അറിയിച്ചതോടെയാണ് ആര്‍ മഹേന്ദ്രനും രാജിവെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിയുകയാണെന്നും പാര്‍ട്ടി അധ്യക്ഷന് നല്‍കിയ കത്തില്‍ മഹേന്ദ്രന്‍ വ്യക്തമാക്കി.
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലെ സിംഗല്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്.
മുകളിലുള്ള കുറച്ച് ഉപദേശകരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയുടെ ചക്രം തിരിക്കുന്നത് നല്ല രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കകത്ത് ഒരു ജനാധിപത്യവും തോന്നിയില്ലെന്നും മഹേന്ദ്രന്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പിന് ശേഷം ഒരു മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് കഠിനാധ്വാനം ചെയ്തത്. അതുകൊണ്ടാണ് ഞാനും അദ്ദേഹത്തിനൊപ്പം നിന്നത്. പക്ഷെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.
മഹേന്ദ്രന് പുറമെ, മറ്റു മുതിര്‍ന്ന നേതാക്കളായ എ. ജി മൗര്യ, സി. കെ കുമാരവേല്‍, ഉമാദേവി, എം. മുരുകാനന്ദന്‍ എന്നിവരും രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക