Entertainment
എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പൃഥ്വിരാജ് ചിത്രം, അതൊഴിവാക്കാൻ പറ്റില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 26, 10:48 am
Tuesday, 26th November 2024, 4:18 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. 1986ൽ പുറത്തിറങ്ങിയ മിഴിനീർപൂക്കൾ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി കമൽ കരിയർ ആരംഭിക്കുന്നത്.

പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാരുടെയൊപ്പമെല്ലാം മികച്ച സിനിമകൾ സമ്മാനിച്ച അദ്ദേഹം നിരവധി സൂപ്പർഹിറ്റുകളും ഒരിക്കിയിട്ടുണ്ട്. ഉണ്ണികളേ ഒരു കഥ പറയാം, മഴയെത്തും മുമ്പേ, നിറം, തുടങ്ങിയവയെല്ലാം കമൽ ചിത്രങ്ങളാണ്.

ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയേതാണെന്ന് പറയുകയാണ് കമൽ. ഒരു സിനിമ മാത്രം പറയാൻ കഴിയില്ലെന്നും മധുരനൊമ്പരക്കാറ്റും, ഗസലുമൊക്കെ ഇഷ്ടമാണെന്നും കമൽ പറയുന്നു. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ചിത്രം സെല്ലുലോയ്ഡ് ആണെന്നും കമൽ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘അങ്ങനെ ഒരെണ്ണം മാത്രം എടുത്തുപറയാന്‍ ബുദ്ധിമുട്ടാണ്. ഒന്നുരണ്ടു സിനിമകള്‍ ഞാന്‍ എപ്പോഴും പറയാറുണ്ട്. മധുരനൊമ്പരക്കാറ്റ് എനിക്കിഷ്ടമുള്ള സിനിമയാണ്. അതുപോലെ ഗസല്‍, പിന്നെ സെല്ലുലോയ്ഡ്. അതെനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ആ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു സിനിമയാണ്. അതുവരെ ജെ.സി. ഡാനിയേലിനെക്കുറിച്ച് അധികം ആളുകള്‍ക്ക് അറിയില്ലായിരുന്നു.

ജെ.സി. ഡാനിയേല്‍ അവാര്‍ഡ് എന്നൊക്കെ പലരും കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ പ്രസക്തി എന്താണെന്നോ അറിവില്ലായിരുന്നു. മലയാളത്തിലെ ആദ്യ സിനിമ ഉണ്ടാക്കിയൊരാള്‍ എന്നതിനപ്പുറത്തേക്ക് പലര്‍ക്കും അദ്ദേഹത്തെ അറിയില്ല.

ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലും പുരാണസിനിമകള്‍ മാത്രം ചെയ്ത സമയത്ത് മലയാളത്തില്‍ ഒരു വിപ്ലവം നടത്തിയത് ഡാനിയേല്‍ ആയിരുന്നു. ഒരു ദളിത് യുവതിയെ നായികയാക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം അന്നത്തെ കാലത്ത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ഒരാള്‍ മൊത്തമായും നാശത്തിലേക്ക് പോയതിന്റെ കഥ കൂടിയാണത്. അതൊക്കെ കൊണ്ടാണ് സെല്ലുലോയ്ഡ് എന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നായത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal About Celluloid Movie and j.c Danial