അച്ഛന്റെ ലേബലിൽ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് കല്യാണി പ്രിയദർശൻ. എന്നാൽ മറ്റു ഭാഷയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാള ഭാഷയിൽ പ്രാവിണ്യം കുറവാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന ചിത്രത്തിൽ മലയാള ഭാഷ കൈകാര്യം ചെയ്‌തതിനെക്കുറിച്ചും ഡബ്ബ് ചെയ്യുന്ന സമയത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും കല്യാണി പ്രിയദർശൻ പറയുന്നുണ്ട്.
ഡബ്ബിങിന്റെ ആദ്യ രണ്ട് ദിവസം താൻ കരഞ്ഞു പോയെന്നും തന്നെ കൊണ്ട് കഴിയില്ലായെന്ന് തോന്നിയെന്നും കല്യാണി പറഞ്ഞു. സുരഭി ലക്ഷിമിയാണ് തന്നെ ഡബ്ബ് ചെയ്യാൻ സഹായിച്ചതെന്നും അതുകൊണ്ട് ഈ പടത്തിൽ തനിക്ക് എന്തെങ്കിലും അംഗീകാരം ലഭിച്ചാൽ അതിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു താരം.
‘സത്യം പറഞ്ഞാൽ ആദ്യത്തെ രണ്ട് ദിവസം ഞാൻ കരഞ്ഞു. എനിക്ക് ഇത് ചെയ്യാൻ കഴിയില്ല ഇത് ഭയങ്കര പാടാണെന്ന് തോന്നി. പിന്നീട് സുരഭി ലക്ഷ്മി ആയിരുന്നു എന്നെ സഹായിച്ചത്. സുരഭി ചേച്ചി ഈ സ്ലാങ് നന്നായിട്ട് അറിയാമായിരുന്നു. ഞാൻ പുള്ളികാരിയെ വിളിച്ച് എന്റെ കൂടെ വന്ന് ഡബ്ബ് ചെയ്യാൻ സഹായിച്ചു. എനിക്ക് സിനിമയ്ക്ക് എന്തെങ്കിലും അംഗീകാരം കിട്ടുകയാണെങ്കിൽ അതിനെല്ലാം ഞാൻ സുരഭി ചേച്ചിയോട് കടപ്പെട്ടിരിക്കും,’ കല്യാണി പ്രിയദർശൻ പറഞ്ഞു.
കല്യാണി പ്രിയദർശൻ ആദ്യമായി മുഴുനീള സ്ക്രീൻ സ്പേസിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഫുട്ബോൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ്. ജി. മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Kalyani priyadashan about her dubbing difficult