'ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വികലം, പൊതുജനങ്ങളെ മൊത്തം തെറ്റിദ്ധരിപ്പിച്ചു'; ഗവര്‍ണര്‍ക്കെതിരെ കാളീശ്വരം രാജ്
Kerala News
'ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വികലം, പൊതുജനങ്ങളെ മൊത്തം തെറ്റിദ്ധരിപ്പിച്ചു'; ഗവര്‍ണര്‍ക്കെതിരെ കാളീശ്വരം രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2019, 1:25 pm

കോഴിക്കോട്: ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയിലില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ്. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം മീഡിയവണിനോടു പറഞ്ഞു.

‘ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയിലില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വളരെയധികം വികലമാണ്. ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പൊതുജനങ്ങളെ മൊത്തം തെറ്റിദ്ധരിപ്പിക്കുന്ന ഒരു നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.

ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണ്,’ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നിയമം നടപ്പാക്കണമെന്നും, അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്നും, അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തിയിരുന്നു. പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു.