അഹമ്മദാബാദ്: മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ “മിസൈല്‍ മനുഷ്യന്‍” എന്ന് അറിയപ്പെടുകയും ചെയ്ത ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കലാം ബഹിരാകാശ ശാസ്ത്രജ്ഞനും മോദി “സാമൂഹ്യ ശാസ്ത്രജ്ഞ”നുമാണെന്നാണ് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത്.
ഗുജറാത്ത് സര്‍വ്വകലാശാലയിലെ 66-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് രാംനാഥ് കോവിന്ദ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. “ഭാഗ്യവശാല്‍ കലാം സാറായിരുന്നു എന്റെ മുന്‍ഗാമി. രാഷ്ട്രപതിയായ അദ്ദേഹം അടിസ്ഥാനപരമായി ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ “ബഹിരാകാശ ശാസ്ത്രജ്ഞന്‍” എന്ന് വിശേഷിപ്പിക്കുമ്പോള്‍ മോദിജിയെ ഞാന്‍ “സാമൂഹ്യ ശാസ്ത്രജ്ഞന്‍” എന്ന് വിളിക്കും.” -രാഷ്ട്രപതി പറഞ്ഞു.
നരേന്ദ്രമോദി ഗുജറാത്ത് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും, എ.പി.ജെ അബ്ദുള്‍ കലാമും കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു. ബിരുദദാന ചടങ്ങില്‍ സന്നിഹിതരായ ഒരു വിദ്യാര്‍ത്ഥി പോലും യൗവന കാലത്ത് മോദിയെ പോലെ ചായ വിറ്റിട്ടുണ്ടാകില്ല എന്നും രാഷ്ട്രപതി പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ 21-ാം നൂറ്റാണ്ടിന്റെ വാതിലുകള്‍ ഇന്നത്തെ തലമുറയ്ക്കായി മോദി തുറന്നു കൊടുത്തുവെന്നും രാംനാഥ് കോവിന്ദ് ബിരുദദാന ചടങ്ങില്‍ പറഞ്ഞു.