അന്ന് മമ്മൂക്ക വീട്ടിലേക്ക് വിളിച്ചു; അടുത്ത പടത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി അതിശയിപ്പിച്ചു: കലാഭവന്‍ ഷാജോണ്‍
Film News
അന്ന് മമ്മൂക്ക വീട്ടിലേക്ക് വിളിച്ചു; അടുത്ത പടത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി അതിശയിപ്പിച്ചു: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th March 2024, 9:10 am

മമ്മൂട്ടി ഏറെ അതിശയിപ്പിക്കുന്ന വ്യക്തിയാണെന്ന് കലാഭവന്‍ ഷാജോണ്‍. ഈയിടെ തന്റെ ആട്ടം സിനിമ കണ്ടിട്ട് മമ്മൂട്ടി വിളിച്ചിരുന്നെന്നും അന്ന് 15 മിനിട്ടാണ് അദ്ദേഹം ആ സിനിമയെ കുറിച്ച് സംസാരിച്ചതെന്നും താരം പറയുന്നു.

ആട്ടം സിനിമയിലുള്ളവര്‍ക്ക് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹമറിയിച്ചപ്പോള്‍ അദ്ദേഹം അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞെന്നും അങ്ങനെ തങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് പോയെന്നും പോയി ഷാജോണ്‍ പറഞ്ഞു.

അന്ന് താന്‍ മമ്മൂട്ടിയോട് അദ്ദേഹത്തിന്റെ അടുത്ത സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയെ കുറിച്ചും ഷാജോണ്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.

‘മമ്മൂക്കയെന്ന് പറയുമ്പോള്‍ നമ്മളെ അതിശയിപ്പിക്കുന്ന ഒരു വ്യക്തിയല്ലേ. കഴിഞ്ഞ ദിവസം ആട്ടം കണ്ടിട്ട് മമ്മൂക്ക വിളിച്ചിരുന്നു. അന്ന് 15 മിനിട്ടാണ് ആട്ടത്തെ കുറിച്ച് സംസാരിച്ചത്.

പിന്നെ മമ്മൂക്കയോട് ആട്ടത്തിലുള്ളവര്‍ക്ക് ഇക്കയെ കാണണമെന്ന് പറഞ്ഞപ്പോള്‍ അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ വീട്ടില്‍ പോയി സംസാരിച്ചു.

അന്ന് മമ്മൂക്കയോട് അടുത്ത പടങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. ‘അടുത്തത് നോക്കിയേ ചെയ്യുന്നുള്ളൂ’ എന്നാണ് ഇക്ക മറുപടി പറഞ്ഞത്.

‘പ്രേക്ഷകര്‍ അത്രയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അപ്പോള്‍ സിനിമകള്‍ ചുമ്മാ ചെയ്തിട്ട് കാര്യമില്ലല്ലോ. ഇനി വരട്ടെ. നോക്കാം’ എന്നും മമ്മൂക്ക പറഞ്ഞു.

അതില്‍ അതിശയം തോന്നി. തന്റെ വരുന്ന സിനിമകളെ കുറിച്ചെല്ലാം അദ്ദേഹത്തിന് പ്ലാനുകളുണ്ട്. അന്ന് ഭ്രമയുഗം റിലീസ് ചെയ്തിരുന്നില്ല,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Talks About Mammootty’s Next Movie