ആ നടന്റെ ഖബറിന്റെ മുന്നില്‍ പോലും ഞാന്‍ ചിരിച്ച് പോകും: കലാഭവന്‍ റഹ്‌മാന്‍
Entertainment
ആ നടന്റെ ഖബറിന്റെ മുന്നില്‍ പോലും ഞാന്‍ ചിരിച്ച് പോകും: കലാഭവന്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th December 2024, 10:55 am

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്‌സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്. മിമിക്രിയിലൂടെ തന്നെയാണ് റഹ്‌മാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്.

1986ല്‍ രഘുനാഥ് പാലേരി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ റഹ്‌മാന് സാധിച്ചിരുന്നു.

തന്റെ സുഹൃത്തും നടനുമായ സൈനുദ്ദീനെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍. വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരായിരുന്നു ഇരുവരും. സൈനുദ്ദീനെ കുറിച്ച് ആലോചിക്കാതെ ദിവസങ്ങളില്ല എന്ന് പറയുകയാണ് കലാഭവന്‍ റഹ്‌മാന്‍.

സൈനുദ്ദീന്‍ എപ്പോഴും എന്തെങ്കിലും തമാശകളുമായി തന്റെ അടുത്ത് വരുമായിരുന്നു എന്നും ഒരുപക്ഷെ അദ്ദേഹത്തിന്റെ ഖബറിന്റെ മുന്നില്‍ പോയാലും ചിരിക്കുമെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ റഹ്‌മാന്‍.

‘സൈദിനെ കുറിച്ച് ഞാന്‍ ഓര്‍ക്കാത്ത ദിവസങ്ങളില്ല. കാരണം അവന്‍ എന്തെങ്കിലും തമാശകളൊക്കെയായി എന്റെ മുന്നില്‍ എന്നും വരുമായിരുന്നു. ഒരു പക്ഷെ അവന്റെ ഖബറിന്റെ മുന്നില്‍ പോലും ഞാന്‍ ചിരിച്ചുപോകും,’ കലാഭവന്‍ റഹ്‌മാന്‍ പറയുന്നു.

സൈനുദ്ദീന്‍

മിമിക്രിയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനായിരുന്നു സൈനുദ്ദീന്‍. കൊച്ചിന്‍ കലാഭവന്‍ എന്ന് ട്രൂപ്പിലൂടെ നടന്‍ മധുവിനെ അനുകരിച്ചുകൊണ്ടാണ് സൈനുദ്ദീന്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചത്. പി. എ. ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ എന്ന ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ.

അതിനുശേഷം 150ലധികം സിനിമകളില്‍ വ്യത്യസ്ഥമായ വേഷങ്ങളിലൂടെ സൈനുദ്ദീന്‍ ഞെട്ടിച്ചു. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാല്‍ അദ്ദേഹം 1999 നവംബര്‍ നാലിന് അദ്ദേഹം അന്തരിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവര്‍ ആയിരുന്നു.

Content Highlight: Kalabhavan Rahman Talks About Zainuddin