അഭിനയജീവിതം ആരംഭിച്ചതിന്റെ ആദ്യകാലത്ത് മോഹന്‍ലാലില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. മോഹന്‍ലാലിനൊപ്പം കുറച്ച് പ്രാധാന്യമുള്ള കഥാപാത്രം ചെയ്യാന്‍ പറ്റിയത് ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണെന്നും ഷാജോണ്‍ പറഞ്ഞു. പുതിയ സിനിമയായ സി.ഐ.ഡി രാമചന്ദ്രന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഒരു സീനില്‍ മുഴുവന്‍ ഡയലോഗും തനിക്കായിരുന്നെന്നും ലാലേട്ടിന്റെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ആ ഡയലോഗ് മുഴുവന്‍ കാണാതെ പഠിച്ച് പറഞ്ഞുവെന്നും ഷാജോണ്‍ പറഞ്ഞു. എന്നാല്‍ സീനെടുത്ത് കഴിഞ്ഞ ശേഷം ഇങ്ങനെയാണോ അഭിനയിക്കേണ്ടത് എന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും ഒരോ ഡയലോഗും എങ്ങനെ എക്‌സ്പ്രസ് ചെയ്യണമെന്ന് പഠിപ്പിച്ചു തന്നുവെന്നും ഷാജോണ്‍ പറഞ്ഞു.
‘ഞാനിത് ഒന്നുരണ്ട് ഇന്റര്‍വ്യൂയില്‍ പറഞ്ഞ കാര്യമാണ്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലാണ് ലാലേട്ടന്റെ കൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. സിദ്ദിഖ് സാറായിരുന്നു ഡയറക്ടര്‍. ആ സിനിമയില്‍ ലാലേട്ടന്റെ കൂടെ എനിക്ക് ഒരു സീനുണ്ട്. അതില്‍ ലാലേട്ടന് ഒരു ഡയലോഗ് പോലുമില്ല, റിയാക്ഷന്‍ മാത്രമേ ഉള്ളൂ. ഫുള്‍ ഡയലോഗ് എനിക്കാണ്.
അത് കണ്ടപ്പോള്‍ ഈ അവസരം മുതലെടുക്കണമെന്ന് തോന്നി. ലാലേട്ടന്റെയടുത്ത് നിന്ന് നല്ല വാക്ക് കിട്ടാന്‍ ഡയലോഗ് മുഴുവന്‍ കാണാതെ പഠിച്ചു. സീനെടുക്കാന്‍ നേരം ഞാന്‍ ഒറ്റ ടേക്കില്‍ ഡയലോഗ് മുഴുവന്‍ പറഞ്ഞു. സിദ്ദിഖിക്ക കട്ട് പറഞ്ഞു. ഞാനാണെങ്കില്‍ ലാലേട്ടന്‍ അഭിനന്ദിക്കുന്നത് കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു. ലാലേട്ടന്‍ ഒന്നും പറയാതിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ലാലേട്ടനോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു.
‘നീ നന്നായി ഡയലോഗ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ലാലേട്ടന്‍ തന്ന മറുപടി. അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, ‘ഇങ്ങനെയാണോ അഭിനയിക്കുന്നത്’ എന്ന് ചോദിച്ചു. എന്നിട്ട് ഓരോ ഡയലോഗിനും എങ്ങനെ ബിഹേവ് ചെയ്യണമെന്ന് പറഞ്ഞു തന്നു,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabahavan Shajohn shares the experience with Mohanlal in Ladies and Gentleman movie