Pravasi
കല-കുവൈത്ത് സാംബശിവന്‍ പുരസ്‌കാരം കരിവെള്ളൂര്‍ മുരളിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Feb 21, 08:26 am
Monday, 21st February 2011, 1:56 pm

കുവൈത്ത്: 2010ലെ കല-കുവൈത്ത് -സാംബശിവന്‍ പുരസ്‌കാരം പ്രശസ്ത നാടകപ്രവര്‍ത്തകനും സംവിധായകനുമായ കരിവെള്ളൂര്‍ മുരളിക്ക് സമ്മാനിച്ചു. കേരളത്തിലെ കലാ സാംസ്‌കാരിക, നാടക, സാഹിത്യ രംഗങ്ങളില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ സമഗ്ര സാന്നിധ്യമാണ് മുരളിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് അവാര്‍ഡ് വിവരം പ്രഖ്യാപിച്ച് കല കുവൈത്ത് പ്രസിഡന്റ് കെ.അബൂബക്കര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ബിനു മസുകുമാരന്‍, കമ്മിറ്റി അംഗങ്ങളായ മുകേഷ് വി.പി, ആര്‍ട്ടിസ്റ്റ്, ശ്രീനിവാസന്‍, ഹസ്സന്‍ കോയ വ്യക്തമാക്കി.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കല കുവൈത്ത് ഒരുക്കുന്ന കേരളീയം 2011 ആഘോഷ പരിപാടികളില്‍ വെച്ച് പുരസ്‌കാര ദാനം നിര്‍വ്വഹിക്കും.

കലാജാഥ പ്രസ്ഥാനത്തിന്റെയും തെരുവ് നാടക പ്രസ്ഥാനത്തിന്റെയും തുറസ്സായ നാടക വേദിയുടെയും പ്രയോക്താക്കളിലൊരാളായാണ് കരിവെള്ളൂര്‍ മുരളി അറിയപ്പെടുന്നത്. അമ്പതിലധികം നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സംഘ ചേതനയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, കേരള പ്രസ് അക്കാദമി എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അപരാജിതരുടെ രാത്രി, അഗ്രയാനം, സംഘഗാനം, ജേക്കബ് അലക്‌സാണ്ടര്‍, എന്തിന് ആത്മഹത്യ ചെയ്തു?, ചെഗുവേര, കുരുതിപ്പാടം തുടങ്ങിയവ പ്രശസ്തമായ നാടകങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കെ.എസ്.കെ തളിക്കുളം അവാര്‍ഡ് നാടക രചനക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വിലാസം: സങ്കേതം, തളിയില്‍, കല്ല്യാശേരി പി.ഒ, കണ്ണൂര്‍ ജില്ല,