കടമറ്റത്ത് കത്തനാര്‍ ഒരിക്കലും സൗമ്യനായിരുന്നില്ല, റഫ് & വൈല്‍ഡ് ആയിരുന്നു; ജയസൂര്യ ചിത്രം കത്തനാരിനെക്കുറിച്ച് തിരക്കഥാകൃത്ത് സംസാരിക്കുന്നു
Dool Talk
കടമറ്റത്ത് കത്തനാര്‍ ഒരിക്കലും സൗമ്യനായിരുന്നില്ല, റഫ് & വൈല്‍ഡ് ആയിരുന്നു; ജയസൂര്യ ചിത്രം കത്തനാരിനെക്കുറിച്ച് തിരക്കഥാകൃത്ത് സംസാരിക്കുന്നു
അശ്വിന്‍ രാജ്
Friday, 14th February 2020, 6:45 pm

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്യുത് ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് കത്തനാര്‍. കടമറ്റത്ത് കത്തനാരിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍. രാമനന്ദ് ആണ്.

കുട്ടിച്ചാത്തന്‍, ശാസ്താവ്, ശബരിമല എന്ന പുസ്തകത്തിന്റെയടക്കം രചയിതാവായ രാമാനന്ദ് നിരവധി നാളത്തെ ഗവേഷണഫലമായാണ് കത്തനാര്‍ എന്ന ചിത്രം ഒരുക്കുന്നത്. 3ഡിയില്‍ രണ്ട് ഭാഗമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളും കടമറ്റത്ത് കത്തനാരെ കുറിച്ചും ഡൂള്‍ ന്യൂസിനോട് ആര്‍.രാമനന്ദ് മനസ് തുറക്കുന്നു.

3Dയില്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഒരു ഫാന്റസി സിനിമ, അതും മലയാളത്തില്‍, എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ഒരു പടത്തിനായി ഇറങ്ങി തിരിച്ചത് ?

കേരളത്തിന്റെ ഒരു പശ്ചാത്തലം എന്ന് പറയുന്നത് ഒരുപാട് കഥകളും മിത്തുകളും ഒക്കെ രൂപപ്പെടുത്തിയ മനസാണ്. മലയാൡക്ക് അങ്ങനെ ഒരു ഫാന്റസി ഇഷ്ടപ്പെടുന്നൊരു മനസുണ്ട്. കുറെ കാലമായി നമ്മള്‍ സിനിമയില്‍ കാണുന്ന തീം എന്നത് റിയലിസത്തിന്റെ ഒരു തീമാണ്. റിയലിസത്തിനോട് നമുക്ക് ഒരുപാട് താല്‍പ്പര്യവും അത് കാണാന്‍ ആഗ്രഹവുമെല്ലാം ഉണ്ട്. എന്നാല്‍ നല്ലൊരു ഫാന്റസിയെ കണ്ടിട്ടും ആസ്വദിച്ചിട്ടും കുറെ കാലമായി.

പൂതപ്പാട്ട് എന്ന ഇടശ്ശേരിയുടെ കവിത. അത് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് അതിനുള്ളിലെ ആ ഒരു ഫാന്റസിയിലാണ്. മലയാളികളുടെ ഓണം അതിലും ഒരു മിത്തിനോട് ഉള്ള ഒരു ഇഷ്ടമുണ്ട്. ഈ മിത്തിനെ ഇഷ്ടപ്പെടുന്ന മനസ് മലയാളികള്‍ക്ക് ഉണ്ട്.

എന്ത് കൊണ്ടോ ഈ ഒരു മിത്ത് സിനിമകളില്‍ കുറെ കാലമായി വരുന്നില്ല. കത്തനാര്‍ എന്ന് പറയുന്നത് ഒരുപാട് കാലമായി കേട്ടും കണ്ടും മലയാളികളില്‍ ഉറച്ച് പോയ ഒന്നാണ്. കത്തനാര്‍ സിനിമ വന്നിട്ടുണ്ട്, സീരിയല്‍ വന്നിട്ടുണ്ട് ഇതിനോടൊക്കെ താല്‍പ്പര്യം വരുന്നത് ആ കഥാപാത്രത്തിനോട് ഉള്ള താല്‍പ്പര്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ കത്തനാര്‍ മലയാളികള്‍ ഏറ്റെടുക്കുമെന്നുള്ള ഉറപ്പ് തന്നെയാണ് ഈ സിനിമയുമായി പുറത്തുവരാനുള്ള കാരണം.

രണ്ട് ഭാഗമായി ഒരു വിഷ്വല്‍ ട്രീറ്റ് ആയിട്ട് തന്നെയായിരിക്കും ഈ സിനിമയൊരുങ്ങുന്നത്. മാത്രവുമല്ല കേരളത്തിന്റെ ഒരു ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഒരു ഹിസ്റ്റോറിക്കല്‍ ഫാന്റസിയായിട്ടായിരിക്കും ചിത്രം പുറത്തേക്ക് വരുന്നത്.

കൊട്ടാരത്തില്‍ ശങ്കുണിയുടെ ഐതിഹ്യമാലയിലാണ് പൊതുവെ കടമറ്റത്ത് കത്തനാരിനെ കുറിച്ച് പറയുന്നത്. സിനിമയ്ക്ക് അടിസ്ഥാനമാക്കുന്നത് ഈ ഐതിഹ്യമാല തന്നെയാണോ ?

ഐതിഹ്യമാലയിലെ കത്തനാരിനെയാണ് നമുക്ക് അറിയുന്നത്. മുമ്പ് വന്ന സിനിമകളിലായാലും സീരിയലുകളില്‍ ആയാലും ഈ ഐതിഹ്യമാല അടിസ്ഥാനമാക്കിയാണ് വന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മന്ത്രവാദ പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് സിനിമ. ഈ കടമറ്റം മാന്ത്രികതയൊന്നൊക്കെ പറയും. അതിലൊക്കെ നമ്മള്‍ കാണുന്ന കത്തനാര്‍ വേറെ ഒരാള്‍ തന്നെയാണ്. വേറെ തന്നെ ഒരു പാരമ്പര്യവും രൂപവുമുള്ള കത്തനാര്‍ ആണ്. അതായത് ഐതിഹ്യമാലയെ അടിസ്ഥാനമാക്കിയുള്ള കത്തനാര്‍ അല്ലെന്ന് ചുരുക്കം. ഒരു വനമാന്ത്രികനായിട്ടുള്ള കത്തനാരെയാണ് നമ്മള്‍ അവതരിപ്പിക്കുന്നത്.

പൊതുവെ മലയാളികളുടെ മനസിലുള്ളത് സൗമ്യനായ ഒരു കത്തനാരാണ്, മുമ്പ് വന്ന സീരിയലിന്റെയും സിനിമകളുടെയും ഒക്കെ ഭാഗമായിട്ടാണ് അത്. എന്നാല്‍ ചിത്രത്തിന്റെ പുറത്തിറങ്ങിയ ഇന്‍ട്രൊഡക്ഷന്‍ ടീസറില്‍, വന്യമായ ഒരു റഫ് & ടഫ് ആയ കത്തനാരെയാണ് കാണാന്‍ കഴിയുന്നത്. അത് എന്തുകൊണ്ടാണ് ?

കള്ളിയങ്കാട്ട് നീലി എന്നൊക്കെ പറയുന്ന ഒരു യക്ഷിയെ തളച്ചു എന്ന് പറയുന്ന ഒരു കത്തനാര്‍ അവരെക്കാള്‍ ശക്തനായ ഒരു വ്യക്തിയാണ്. നീലി പോലും വിറച്ച് പോകുന്ന ഒരു വ്യക്തിയാണ് കത്തനാര്‍. വനത്തില്‍ പോയി മന്ത്രവാദം പഠിച്ച ഒരു വനമാന്ത്രികനായ ഒരു കത്തനാരാണ്. നമ്മള്‍ കാണുന്നത് വന മൂര്‍ത്തികളും വനദേവതകളുമായിട്ടൊക്കെ കമ്മ്യൂണിക്കേഷന്‍ ഉള്ള കത്തനാരെയാണ്.

അങ്ങനെ ഒരാള്‍ ഒരിക്കലും സൗമ്യനാവാന്‍ വഴിയില്ല. മാത്രവുമല്ല ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് കത്തനാര്‍. കുട്ടിക്കാലത്തെ അനാഥത്വം മുതല്‍ അവസാനം വരെ അങ്ങനെയൊരാള്‍ സൗമ്യനാവില്ല. ഇങ്ങനെ വിലയിരുത്താന്‍ രണ്ട് കാര്യങ്ങളുണ്ട് ഒന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി തന്നെ പറയുന്നുണ്ട്, കത്തനാരുടെ മന്ത്രങ്ങള്‍ ദുഷിച്ച ഭാഷയില്‍ ഉള്ളതായിരുന്നുവെന്ന്. അതിനുള്ള കാരണം അദ്ദേഹം അത്രയും റഫ് ആയിട്ടുള്ള വൈല്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് എന്നതാണ്.

ടീസറിന്റെ അവസാനം കേള്‍ക്കുന്ന കുറച്ച് മന്ത്രങ്ങള്‍ ഉണ്ട്. ഇത് സിനിമയ്ക്ക് വേണ്ടിയുള്ളതാണോ അതോ യഥാര്‍ത്ഥത്തില്‍ ഉള്ള മന്ത്രങ്ങളാണോ ?

സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. അത് കത്തനാര്‍ തന്നെ എഴുതിയുണ്ടാക്കിയ മന്ത്രങ്ങളുടെ ഭാഗമാണ്. കടമറ്റത്ത് ഇന്ന് തുടര്‍ന്ന് വരുന്ന കടമറ്റത്ത് പാരമ്പര്യമുണ്ട്. അവിടെ തുടര്‍ന്ന് വരുന്ന മാന്ത്രികതയുടെ പാരമ്പര്യമാണ് അത്. ഇന്നും ഈ പാരമ്പര്യം ജാതി മത വ്യത്യാസമില്ലാതെ തുടര്‍ന്ന് വരുന്ന പാരമ്പര്യമാണ് ഉള്ളത്. അവിടെ നിന്ന് റിസേര്‍ച്ചിന്റെ ഒക്കെ ഭാഗമായി ലഭിച്ച മന്ത്രങ്ങളാണ് അത്.

ചിത്രത്തിനായി എത്ര കാലത്തെ ഗവേഷണങ്ങളാണ് താങ്കള്‍ നടത്തിയിട്ടുള്ളത് ?

ശരിക്കും അതിനൊരു കാലഘടന പറയാന്‍ കഴിയില്ല. കാരണം എന്റെ മറ്റ് പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള റിസേര്‍ച്ചുകളില്‍ എല്ലാം കത്തനാരിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്റെ ആദ്യ പുസ്തകത്തില്‍ ഒരു ഭാഗത്ത് കടമറ്റത്ത് കത്തനാരിനെയും അതിന്റെ മാന്ത്രിക പാരമ്പര്യത്തിനെ കുറിച്ചും പറയുന്നുണ്ട്. ശരിക്കും കേരളത്തിന്റെ ഒരു മിത്തും മാന്ത്രികതയും എല്ലാം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും എന്ന് മുതല്‍ ഞാന്‍ തല്‍പ്പര്യപ്പെടുന്നുണ്ടോ അന്ന് മുതല്‍ കത്തനാരും എന്റെ ഗവേഷണത്തിന്റെ ഭാഗമാണ്.

പടത്തിന്റെ ടൈറ്റിലില്‍ കത്തനാര്‍ എന്ന് എഴുതിയതില്‍ ‘ക’ എന്ന അക്ഷരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ടൈറ്റില്‍ ഡിസൈന്‍ ആയി വന്നതാണോ അതോ മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ ?

മലയാളം പോലും രൂപപ്പെടുന്നതിനും മുമ്പുള്ള കാലത്ത് ഉള്ള ഗ്രന്ഥലിപിയുടെ ഭാഗമാണ് ഇത്. ക എന്നതിന്റെ ഏറ്റവും പഴയ രൂപങ്ങളില്‍ ഒന്ന് ഗ്രന്ഥ ലിപികളില്‍ നിന്ന് കണ്ടെടുത്തത് ആണ്. ഒറ്റയ്ക്ക് നില്‍ക്കുകയാണെങ്കില്‍ ഒരിക്കലും ‘ക’ എന്ന് വായിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ് അത്. അതും ചില ഗവേഷണങ്ങളിലൂടെ ലഭിച്ചതാണ്.

എങ്ങനെയാണ് ജയസൂര്യയെ കത്തനാര്‍ ആയി ചിന്തിക്കുന്നത് ?

ജയേട്ടന്‍ പൊതുവെ കഥാപാത്രമായി മാറുമ്പോള്‍ ഒരു പരകായ പ്രവേശനം പോലെ എനിക്ക് തോന്നാറുണ്ട്. ഇപ്പോള്‍ വി.പി സത്യന്റെ കഥാപാത്രമായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറയുകയുണ്ടായി വി.പി സത്യനെ പോലെ തന്നെ തോന്നിച്ചുവെന്ന്. ഇത്തരത്തില്‍ കഥാപാത്രമായി മാറാനുള്ള ഒരു കഴിവ് തന്നെയാണ് ജയസൂര്യയിലേക്ക് എത്തിയത്.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ജയസൂര്യയായി തോന്നിക്കാതെ ചെയ്യാനുള്ള അപൂര്‍വം നടന്മാരില്‍ ഒരാളാണ് ജയേട്ടന്‍.

ചിത്രം സംവിധാനം ചെയ്യുന്നത് മങ്കിപെന്നിന്റെ സംവിധായകരില്‍ ഒരാളായ റോജിന്‍ ആണ്, ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്, ഇവരിലേക്ക് എങ്ങിനെയാണ് എത്തുന്നത് ?

ഈ കഥ ഞാന്‍ ജയേട്ടനോട് പറയുന്നത് ഋഷികേശില്‍ വെച്ചാണ്. കഥ കേട്ട് കഴിഞ്ഞ ജയേട്ടന്‍ ചോദിച്ചു ആരാണ് നിര്‍മ്മിക്കുക. പിന്നീട് ജയേട്ടന്‍ തന്നെ പറഞ്ഞു വിജയ് ബാബുവാണ് ഇത് നിര്‍മ്മിക്കാന്‍ എറ്റവും ബെസ്റ്റ് എന്ന്. ശരിക്കും ഫ്രൈഡെ ഫിലിംസിലൂടെ കൃത്യമായി പ്ലേസ് ചെയ്യാന്‍ കഴിയുന്ന ഒരാളാണ് അത്. സത്യം പറഞ്ഞാല്‍ വിജയ് ബാബു ഈ സിനിമയിലേക്ക് വന്ന് ചേരുകയായിരുന്നു.

സംവിധായകന്‍ റോജിനെയും ജയേട്ടന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഞാന്‍ ജയേട്ടനോട് പറഞ്ഞിരുന്നത്. ആരാണ് സംവിധാനം ചെയ്യുകയെന്ന് അറിയില്ല എന്നാണ്. പിന്നീട് ജയേട്ടന്‍ തന്നെയാണ് പറ്റിയ ഒരാളുണ്ട് എന്ന് നിര്‍ദ്ദേശിക്കുന്നത്. പിന്നെയാണ് ഞാന്‍ മങ്കിപെന്നിലെ സീനുകള്‍ കാണുന്നത്. മങ്കിപെന്‍ അവതരിപ്പിക്കുന്ന ഒരു ഭാഗമുണ്ട് അതൊക്കെ. പിന്നെ റോജിന്‍ അസാധ്യമായ ഒരു കലാകാരന്‍ കൂടിയാണ് നന്നായി ചിത്രം വരയ്ക്കും. പിന്നെ സിനിമയെ കുറിച്ചും ടെക്‌നിക്കാലിറ്റിയെക്കുറിച്ചും വളരെയറിവുള്ള വളരെ യംങ് ആയ ഒരു വ്യക്തിയാണ്.

ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ നമ്മള്‍ ഒരു സീന്‍ പറഞ്ഞാല്‍ അത് ഒരിക്കലും ചെറുതാക്കാന്‍ റോജിന്‍ പറയില്ല.
മങ്കിപെന്‍ പോലെ ഒരു ഫാന്റസി മലയാളികളെ വിശ്വസിപ്പിച്ച ഒരാളാണ്. അപ്പോള്‍ മലയാളികള്‍ അറിയുന്ന വിശ്വസിക്കാന്‍ പ്രയാസമില്ലാത്ത കത്തനാരെ അവതരിപ്പിക്കാന്‍ റോജിന് പ്രയാസമുണ്ടാകില്ല.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.