കടമക്കുടി: ജനിച്ചു വളര്‍ന്ന നാടല്ലെ.. ഞാനും ഇവിടം ഇട്ടിട്ടു പോയാല്‍ കാര്യങ്ങളൊക്കെ ആര് നോക്കാനാണ്. 13 വര്‍ഷങ്ങളായി കടമക്കുടി പഞ്ചായത്തിലെ മുറിക്കല്‍ ദ്വീപില്‍ തനിച്ചു താമസിക്കുന്ന ജോസഫ് ചോദിക്കുന്നു. കൂടപ്പിറപ്പുകളും മക്കളും ഭാര്യയും ദ്വീപ് വിട്ട് ജീവിതം തേടി അക്കരയ്ക്ക് പോയപ്പോഴും ജനിച്ച സ്ഥലവും വീടും വിട്ടു പോകാന്‍ തനിക്ക് പറ്റില്ലെന്ന് ജോസഫ് പറയുന്നു.
ദ്വീപില്‍ ജോസഫിന് കൂട്ടായുള്ളത് ഒരു പറ്റം നായ്ക്കള്‍ മാത്രമാണ്. കരയിലുള്ളവര്‍ കളഞ്ഞ നായ്ക്കള്‍. കരയ്ക്കും ജോസഫേട്ടനും കാവലാണ് ഈ നായ്ക്കളുടെ പറ്റം.
ഒരു തോടിന് വിലങ്ങനെ തെങ്ങുതടിപ്പാലം കൊണ്ട് ബന്ധിക്കപ്പെട്ട രണ്ടു കരകളായിരുന്നു കടമക്കുടിയും തന്റെ വീടിരിക്കുന്ന സ്ഥലവും എന്ന് ജോസഫ് പറയുന്നു. പിന്നീട് വന്ന പ്രളയങ്ങള്‍ ഇരു കരളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു. കടമക്കുടിയില്‍ നിന്നും മുറിഞ്ഞുണ്ടായതിനാലാണ് ദ്വീപിന് മുറിക്കല്‍ ദ്വീപെന്ന് പേരു വന്നത്.
കാലത്ത് പത്രവായനയ്ക്ക് കടമക്കുടിയിലെത്തുന്ന ജോസഫ് രണ്ടു മണിക്കൂറോളം അവിടെ ചിലവിടും. ഉച്ചയോടെ തിരിച്ച് വീട്ടിലെത്തുന്ന ജോസഫ് പിന്നീട് ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരിക്കും. മത്സ്യബന്ധനവും കൃഷിയുമാണ് ജോസഫിന്റെ ഉപജീവനമാര്‍ഗം.