കരിനിയമങ്ങളെ ന്യായീകരിക്കുന്ന ഗീതാ ഗോപിനാഥ് | കെ.ടി. കുഞ്ഞിക്കണ്ണന്‍
Opinion
കരിനിയമങ്ങളെ ന്യായീകരിക്കുന്ന ഗീതാ ഗോപിനാഥ് | കെ.ടി. കുഞ്ഞിക്കണ്ണന്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 28th January 2021, 5:18 pm
പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് കര്‍ഷക നിയമത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയെ രൂക്ഷമായി എതിര്‍ക്കുകയാണ് സി.പി.ഐ.എം നേതാവായ ലേഖകന്‍...

പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപണി വിപുലമാക്കാനും കാര്‍ഷികോല്പാദനത്തിനാവശ്യമായ അന്തര്‍ഘടനാ സംവിധാനങ്ങളെ മെച്ചപ്പെടുത്താനുമുള്ളതാണെന്ന ഐ.എം.എഫ്.ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ ന്യായീകരണം ശുദ്ധ അസംബന്ധവും ലോകസമ്പദ്ഘടനയെ തിരിച്ചു വരാനാവാത്ത വിധം പതനഗതിയിലാക്കിയ സ്വതന്ത്ര വിപണിവാദത്തിന് വേണ്ടിയുള്ള ദയനീയമായ സ്തുതിപാടലും മാത്രമായേ കാണാനാവൂ.

ഗീതാ ഗോപിനാഥിനെ പോലുള്ള നിയോലിബറലിസ്റ്റുകള്‍ ഐ.എം.എഫിന്റെ തന്നെ പഠനറിപ്പോര്‍ട്ടുകള്‍ക്കും കണക്കുകള്‍ക്കും വിരുദ്ധമായ വാദങ്ങളാണ് സ്വതന്ത്ര വിപണിനയങ്ങള്‍ക്ക് സമ്മതി ഉണ്ടാക്കാനായി മുന്നോട്ടു വെക്കുന്നത്. ലോകസമ്പദ്ഘടനയിലും ഇന്ത്യന്‍ സമ്പദ്ഘടനയിലും മുരടിപ്പും വളര്‍ച്ചാ രംഗത്ത് ഇടിവും ഉണ്ടാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് വേണ്ടിയാണ് അവരെ പോലുള്ളവര്‍ മുറവിളി കൂട്ടുന്നത്. അതുവഴി ഇന്ത്യന്‍ കര്‍ഷകന് മരണവാറന്റായി വന്ന നിയമങ്ങളെ ന്യായീകരിക്കുന്നത്.

ഗീതാ ഗോപിനാഥ്

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിയോലിബറല്‍ പരിഷ്‌കാരങ്ങളുണ്ടാ ക്കിയ ആഘാതങ്ങളെക്കുറിച്ച് അജ്ഞത സൃഷ്ടിച്ചുകൊണ്ടാണവര്‍ സ്വതന്ത്ര വിപണിവാദത്തിന്റെ മാഹാത്മ്യം ഇപ്പോള്‍ തള്ളിവിടുന്നത്. കൃഷിയുടെ ഉല്പാദന, വ്യാപാര, സംഭരണ രംഗത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കുന്ന ഫാം നിയമങ്ങളെ വാഴ്ത്തുന്നത്.

ഉല്പാദനത്തിന്റെയും വിപണനത്തിന്റെയും സംഭരണത്തിന്റെയും രംഗത്തെ സ്റ്റേറ്റിടപെടലിന്റേതായ സംവിധാനങ്ങളെയും മിനിമം സപ്പോര്‍ട്ട് പ്രൈസ് സിസ്റ്റത്തെയും എടുത്തു കളഞ്ഞ് ആഗോള അഗ്രി ബിസിനസ് കമ്പനികള്‍ക്കും അംബാനി- അദാനിമാര്‍ക്കും ഉപാധിരഹിതമായ ബിസിനസ്സിനും കൊള്ളക്കുമുള്ള സാഹചര്യമാണ് ഈ കരിനിയമങ്ങള്‍ ലക്ഷ്യമിടുന്നത്.

അത് കര്‍ഷകരെ കൂലിയടിമകളാക്കുന്നതും ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതും ഇന്ത്യന്‍ രാഷ്ട്രഘടനയെ തെക്കനമേരിക്കയിലെ ബനാന റിപ്പബ്ലിക്കുകള്‍ക്ക് സമാനമായ നിലയില്‍ അധ:പതിപ്പിക്കുന്നതുമാണ്. ഐ.എം.എഫും ലോകബാങ്കും യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനി, കാഡ്ബറിസ് പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ലാറ്റിനമേരിക്കന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ ഇടപെടലുകളുടെ ദുരന്തങ്ങള്‍ ലോകം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

അവിടങ്ങളിലെല്ലാം കൃഷിയെ ആഗോള അഗ്രിബിസിനസ് കമ്പനികളുടെ കച്ചവടവും ഭക്ഷ്യ സംസ്‌കരണ വ്യവസായവുമായി അധ:പതിപ്പിച്ചതിന്റെ പരിണതിക്ഷാമവും പട്ടിണിയും ദാരിദ്ര്യജന്യ രോഗങ്ങളും കൂട്ടമരണങ്ങളുമായിരുന്നു. ആഫ്രിക്കന്‍ ക്ഷാമത്തെയും ലാറ്റിനമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍ ഐ.എം.എഫ് ലോകബാങ്ക് നയങ്ങളെയും കാര്‍ഷിക രംഗത്തെ ബഹുരാഷ്ട്ര കുത്തകകളുടെ അധിനിവേശത്തെയും സംബന്ധിച്ച കടുത്ത വിമര്‍ശനരേഖകള്‍ കൂടിയാണെന്ന് ഗീതാ ഗോപിനാഥുമാര്‍ക്കറിയാത്തതാവില്ല.

കഴിഞ്ഞ 3 ദശകത്തിലേറെക്കാലമായി അടിച്ചേല്പിക്കപ്പെടുന്ന കോര്‍പ്പറേറ്റ് മൂലധനാധിവേശത്തിനനുസൃതമായ നിയോലിബറല്‍ പരിഷ്‌കാരങ്ങളെ അതിന്റെ ആരംഭകാലത്ത് അനുകൂലിച്ചവരെല്ലാം ഇപ്പോള്‍ കുമ്പസാരത്തിലാണ്. ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിലെ സ്തുതിപാഠകരെല്ലാം ഇന്ന് തുറന്നെതിര്‍ക്കുന്ന സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവര്‍ അതേറ്റു പറഞ്ഞു തിരുത്തുന്നു.

സര്‍വതന്ത്ര സ്വതന്ത്രമായ മുതലാളിത്തത്തെയും കമ്പോളവല്‍ക്കരണത്തെയും അവരെല്ലാം ഇന്ന് വിമര്‍ശന വിധേയമാക്കി തുടങ്ങിയിരിക്കുന്നു. 1990കളിലാരംഭിച്ച ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ സ്തുതിപാഠകരായിരുന്ന ജോസഫ് സ്റ്റിഗ്റ്റ്‌സ് തൊട്ടുള്ള ലോകോത്തര സാമ്പത്തികശാസ്ത്ര പണ്ഡിതര്‍ സ്വയം തങ്ങള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു നിയോലിബറലിസത്തിന്റെ കടുത്ത വിമര്‍ശകരായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

സര്‍വ്വസ്വതന്ത്ര വിപണിവാദം ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കി മാറ്റുകയാണ്. കൃഷിയെയും വ്യവസായത്തെയും അപനിക്ഷേപിച്ച് കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്ന സ്വതന്ത്ര വിപണിനയങ്ങള്‍ ജനങ്ങള്‍ക്ക് ഉപജീവന ഉപാധികളും തൊഴിലും വരുമാനവും ഭക്ഷണവും ഇല്ലാതാക്കുന്നതാണെന്ന് ഗീതാഗോപിനാഥുമാര്‍ മനസ്സിലാക്കണം.

റാവു മുതല്‍ മോഡി വരെ നീളുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതിസന്ധിയിലും ജനജീവിതത്തെ വഴിമുട്ടിക്കുന്നതിലുമാണ് തള്ളിവിട്ടിരിക്കുന്നത്. 2020 ജൂണ്‍ മാസത്തിലെ ഐ.എം.എഫ് കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി യില്‍ മൈനസ് 4.5 ശതമാനം ഇടിവാണ് കാണിച്ചത്.

2020 അവസാനത്തോടെയത് മൈനസ് 10.3% ഇടിവിലെക്കെത്തി ജി.ഡി.പിയിലെ തുടരുന്ന ഇടിവും അതിന്റെ ഫലമായ സമ്പദ്ഘടനയുടെ മുരടിപ്പും ജനങ്ങളുടെ ജീവിത പ്രതിസന്ധിയും മറച്ചുപിടിച്ചാണ് ഗീതാ ഗോപിനാഥിനെ പോലുള്ള നിയോലിബറല്‍ പണ്ഡിതര്‍ സാമ്പത്തിക വികസനത്തിന്റെ പച്ചതുരുത്തുകളെക്കുറിച്ചും നിയോലിബറല്‍ പരിഷ്‌കാരങ്ങളെ വളര്‍ച്ചയുടെയും വിപുലനത്തിന്റെയും സാധ്യതകളായും തെറ്റിദ്ധരിപ്പിക്കുന്നത്.

സി.എം.ഐ.ഇയുടെ വിലയിരുത്തലനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ മാത്രം 30 ലക്ഷം ജോലികള്‍ നഷ്ടപ്പെട്ടു. 95 % കുടുംബങ്ങളുടെയും യഥാര്‍ത്ഥ വരുമാനം കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നത് ഇന്ത്യക്കാരുടെ വിശിഷ്യാ കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് അതീവ ഗുരുതരമാണ്. ലോക പട്ടിണിസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഭയാനകമാണ്.

107 രാജ്യങ്ങളില്‍ 94ാമതാണ് ഇന്ത്യ. 80% കുട്ടികള്‍ വിളര്‍ച്ച ബാധിതര്‍. ഭക്ഷണത്തിന്റെ കടുത്ത അഭാവം രാജ്യത്തെ ദരിദ്രരെയും സാധാരണ ജനങ്ങളെയും വേട്ടയാടുകയാണ്. റാവുവിന്റെ കാലത്ത് തുടങ്ങിയ പൊതുവിതരണ സംവിധാനത്തെയും എഫ്.സി.ഐയെയും തകര്‍ക്കുന്ന നയങ്ങളാണ് ഈ അവസ്ഥക്ക് കാരണമായത്.

പുതിയ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ റാവുവിന്റെ കാലത്താരംഭിച്ച പരിഷ്‌കാരങ്ങളെ പൂര്‍ണതയിലെത്തിച്ച് കൃഷിയെയും ഭക്ഷ്യസുരക്ഷയെയും തകര്‍ക്കുകയാണ് ചെയ്യുന്നത്. എഫ്.സി.ഐയെയും പൊതുവിതരണ സംവിധാനങ്ങളെയും തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ സംഭരണാലയങ്ങളുടെയും റീട്ടെയില്‍ ശൃംഖലകളുടെയും ലാഭമോഹങ്ങള്‍ക്ക് ജനതയുടെ ഭക്ഷണാവകാശം അടിയറ വെക്കുകയാണ്. സ്വതന്ത്ര വിപണി വാദികള്‍ കൗശലപൂര്‍വ്വം നിയന്ത്രണ രഹിതമായ വിപണി സംവിധാനങ്ങളിലൂടെ കൃഷിക്കും ഭക്ഷണത്തിനും മേല്‍ കോര്‍പ്പറേറ്റുകളുടെ കുത്തകാധിപത്യമാണ് സംഭവിക്കാന്‍ പോകുന്നതെന്ന യാഥാര്‍ത്ഥ്യമാണ് മറച്ച് പിടിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.T Kunhikkannan criticizes Geetha Gopinath for supporting farm laws

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍