Kerala
കെ.ടി. ജയകൃഷ്ണന്‍ വധം : സജീവന്റെ മരണം സി.ബി.ഐ അന്വേഷിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 15, 04:35 am
Sunday, 15th July 2012, 10:05 am

തിരുവനന്തപുരം: കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതി കാരായി സജീവന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സജീവന്റെ ബന്ധുക്കള്‍ രംഗത്ത്. ഇത് സംബന്ധിച്ച പരാതി  മുഖ്യമന്ത്രിക്ക്  നല്‍കി.

സജീവന്റെ അമ്മയും സഹോദരിയുമാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. 2003 ആഗസ്റ്റ് 11 നാണ് കെ.ടി [] ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ഏഴാം പ്രതിയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ സജീവനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്ത് സജീവന്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അന്നത്തെ പോലീസ് നിഗമനം. കേസിന്റെ വിചാരണ നടക്കവേയായിരുന്നു സജീവന്റെ മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പിടിയിലായവരില്‍ യഥാര്‍ത്ഥപ്രതിയ ഒരാള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ടി.കെ രജീഷ് അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അച്ചാരമ്പത്ത് പ്രദീപ് മാത്രമാണ് കൃത്യത്തില്‍ പങ്കെടുത്തത്. സി.പി.ഐ.എം നല്‍കിയ പട്ടിക പ്രകാരമാണ് ബാക്കിയുള്ളവരെ പിടികൂടിയതെന്നും രജീഷ് വെളിപ്പെടുത്തിയിരുന്നു.

കണ്ണൂരിലെ ഉന്നത സി.പി.ഐ.എം. നേതാവിന്റെ നിര്‍ദേശപ്രകാരമാണ് ജയകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ താന്‍ പങ്കാളിയായതെന്നും രജീഷ് പറഞ്ഞിരുന്നു. നേതാവിന്റെ വിശ്വസ്തരായ ചിലരാണ് കൃത്യത്തിന് നേതൃത്വം നല്‍കിയത്. താനും പ്രദീപുമടക്കം 11 പേര്‍ ജയകൃഷ്ണന്‍ വധത്തില്‍ പങ്കാളികളായിരുന്നെന്നും രജീഷ് പറഞ്ഞിരുന്നു.

എന്നാല്‍ സജീവന്റെ മരണത്തിന് പിന്നില്‍ ബി.ജെ.പി.യാണെന്നാണ് സി.പി.ഐ.എം ന്റെ ആരോപണം.