സി.കെ. ജാനുവിന് കോഴ നല്‍കിയ കേസ്: തിരുവനന്തപുരത്തായാല്‍ കേസ് അട്ടിമറിക്കും; ശബ്ദ സാമ്പിള്‍ കേന്ദ്ര ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍
കല്‍പ്പറ്റ: സല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട തന്റെ ശബ്ദ സാമ്പിള്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോടതിയില്‍.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ശബ്ദ സാമ്പിളുകളുടെ പരിശോധന നടത്തിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് കെ. സുരേന്ദ്രന്‍ പറയുന്നത്.
ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേനയാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഹരജി കോടതി പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
സി.കെ.ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: K surendran has demanded that his voice samples related to the Sultan Bathery election bribery case be examined at a forensic laboratory under the central government