കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഹരജിയില്‍ മരിച്ചുപോയെന്ന് കാണിച്ചവരുടെ പട്ടികയിലുളളയാള്‍ ഹൈക്കോടതിയില്‍ ഹാജരായതോടെ വെട്ടിലായി സുരേന്ദ്രനും പ്രാദേശിക നേതാക്കളും.
മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞിയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്തെന്നും കോടതിയെ അറിയിച്ചത്.
Dont Miss ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും
അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് അമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരില്‍ വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദ് കുഞ്ഞി സമന്‍സ് കൈപ്പറ്റിയത്.
വിദേശത്തുളളവരുടെയും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ഹരജിയിലെ ആക്ഷേപം. ഈ പട്ടികയനുസരിച്ച് 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചിട്ടുളളത്.
വിദേശത്തായിട്ടും വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിവസം വിദേശത്തായിരുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ പത്രിക നല്‍കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. മഞ്ചേശ്വരത്തെ പരാജയത്തിന് കാരണമായി കെ സുരേന്ദ്രന്‍ നേതൃത്വത്തിന് നല്‍കിയ വിശദീകരണം വ്യാപകമായി കള്ളവോട്ട് നടന്നു എന്നുള്ളതായിരുന്നു.
ഇതിനെ തുടര്‍ന്ന് നേതൃത്വത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചാണ് സുരേന്ദ്രന്‍ നിയമപ്പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ സുരേന്ദ്രന്റെ കള്ളവോട്ട് വാദം പൊളിഞ്ഞ സാഹചര്യത്തില്‍ ഇനി കേന്ദ്രത്തിന് സുരേന്ദ്രന്‍ വിശദീകരണം നല്‍കേണ്ടി വരും.
മഞ്ചേശ്വരത്ത് 197 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രന്‍ പരാതിയില്‍ ആരോപിച്ചത്. ഇവര്‍ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ആയിരുന്നുവെന്നും മരിച്ചവരുടെ പേരില്‍ വരെ വോട്ട് ചെയ്തിട്ടുണ്ടെന്നുമായിരുന്നു പരാതി. മഞ്ചേശ്വരത്തെ ബി.ജെ.പിയുടെ ബൂത്ത് തല കമ്മിറ്റികള്‍ ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റുകള്‍ പരിശോധിച്ചാണ് കള്ളവോട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് പരിശോധന നടത്തി ലിസ്റ്റ് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും 26 പേരുടെ റിപ്പോര്‍ട്ട് മാത്രമാണ് സമര്‍പ്പിക്കപ്പെട്ടത്.