സുരേന്ദ്രന്റെ പദയാത്രയ്ക്ക് 10 കോടി അനുവദിച്ചെങ്കിലും ബൂത്തുകളില്‍ ഫണ്ടെത്തിയില്ല ? ; പ്രവര്‍ത്തകര്‍ക്ക് അതൃപ്തി
Kerala
സുരേന്ദ്രന്റെ പദയാത്രയ്ക്ക് 10 കോടി അനുവദിച്ചെങ്കിലും ബൂത്തുകളില്‍ ഫണ്ടെത്തിയില്ല ? ; പ്രവര്‍ത്തകര്‍ക്ക് അതൃപ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 11:43 am

തൃശൂര്‍: ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം അനുവദിച്ച 100 കോടി രൂപയില്‍ പദയാത്ര ഫണ്ട് മുക്കിയതായി ആരോപണം. സുരേന്ദ്രന്റെ പദയാത്രയ്ക്ക് 10 കോടിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് 90 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തുക ചിലവഴിക്കാത്തതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ബൂത്തുകളിലും പദയാത്ര നടത്താതെ പ്രവര്‍ത്തകര്‍ വിട്ടുനിന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തൃശൂരില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ബൂത്തുതല പദയാത്രകള്‍ ഒന്നുപോലും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട് തൃശൂരിലെ പ്രവര്‍ത്തനം അത്ര മികച്ചതായിരുന്നില്ലെന്ന വിലയിരുത്തലുകളും യോഗത്തിലുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പദയാത്രയ്ക്കായി നീക്കിവെച്ച തുക കൂടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാറ്റിയെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. പദയാത്രയുടേതുള്‍പ്പെടെയുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ. സുരേന്ദ്രന്റെ വിശ്വസ്തനുമായ പി. സുധീറാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ ഫണ്ട് കൈകാര്യം ചെയ്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇത്തവണ ഫണ്ട് വെട്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വിമര്‍ശനം ബി.ജെ.പിയുടെ മറുപക്ഷത്തെ നിന്ന് തന്നെ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. പദയാത്രയുടെ സംഘാടനം തുടക്കം മുതല്‍ തന്നെ പാളിയത് പണം നല്‍കാത്തതുകൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. യാത്രയുടെ റൂട്ട് നിശ്ചയിച്ചതിലെ പാളിച്ചകളും തടസമായി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തിലെത്തിയ പദയാത്രയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ എത്താത്തതും ചര്‍ച്ചയായിട്ടുണ്ട്. ഈ മാസം 26 ന് തൃശൂരില്‍ വെച്ച് പദയാത്രയുടെ സമാപന ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു തുടക്കത്തിലുള്ള റിപ്പോര്‍ട്ട്.

എന്നാല്‍ അമിത് ഷാ പര്യടനം റദ്ദാക്കിയതോടെ 27 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് ജാഥയുടെ സമാപനം തീരുമാനിക്കുകയായിരുന്നു. 26 ന് തൃശൂരില്‍ എത്തുന്ന ജാഥയില്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസില്‍ നിലവില്‍ ജാമ്യത്തിലാണ് സുരേന്ദ്രന്‍.

സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: K Surendran padayathra Fund Issue and Conflict