Kerala News
സുരേന്ദ്രന് മുഖം കൊടുക്കാതെ മോദിയും ഷായും; സംസ്ഥാന അധ്യക്ഷന്‍ ഇന്ന് ദല്‍ഹി വിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 13, 09:11 am
Sunday, 13th June 2021, 2:41 pm

ന്യൂദല്‍ഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്ന് ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കാണാനാകാതെയാണ് സുരേന്ദ്രന്‍ ദല്‍ഹി വിടുന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി ദല്‍ഹിയില്‍ തുടരുകയായിരുന്നു സുരേന്ദ്രന്‍. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെയാണ് സുരേന്ദ്രന് കാണാനായത്.

കേരളത്തിലെ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനെതിരെ കുഴല്‍പ്പണ-കള്ളപ്പണ ആരോപണങ്ങള്‍ പുറത്തുവന്ന് പ്രതിരോധത്തിലായതോടെയാണ് പിന്തുണ തേടി സുരേന്ദ്രന്‍ ദല്‍ഹിയിലേക്ക് പോയത്.

സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസിനും അതൃപ്തിയുണ്ടെന്നാണ് വിവരം.

വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബി.ജെ.പി. കേന്ദ്രനേതൃത്വം താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നും കേന്ദ്രം പറഞ്ഞു. തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ചയാണ് കെ. സുരേന്ദ്രനും വി. മുരളീധരനും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ചര്‍ച്ച നടത്തിയത്.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെ.സുരേന്ദ്രനോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങളെ കുറിച്ച് ബി.ജെ.പി. നേതാവ് ആനന്ദ ബോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: K Surendran Leaves Delhi Amith Shah Narendra Modi BJP