ബി.ജെ.പി ജനറല്‍ സെക്രട്ടറി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറസ്റ്റിലെന്ന്‍ ഇന്ത്യന്‍ എക്സ്പ്രസ്
Kerala News
ബി.ജെ.പി ജനറല്‍ സെക്രട്ടറി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറസ്റ്റിലെന്ന്‍ ഇന്ത്യന്‍ എക്സ്പ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 1:08 pm

കോഴിക്കോട്: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കടകംപള്ളി സുരേന്ദ്രനാക്കി ഇന്ത്യന്‍ എക്‌സ്പ്രസ്. കേരള ബി.ജെ.പി ജനറല്‍ സെക്രട്ടറിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തെന്ന ലീഡോടെയാണ് വാര്‍ത്ത തുടങ്ങുന്നത്.

ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് കെ.സുരേന്ദ്രന് പകരം കടകംപള്ളി സുരേന്ദ്രനായത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയെ കസ്റ്റഡിയിലെടുത്തതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് കടകംപള്ളി സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതെന്ന് വാര്‍ത്തയിലുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തിയ ഉടനെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നും പൊലീസിന്റെ ഈ നടപടി കേരളത്തില്‍ ബി.ജെ.പിയുടെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചെന്നും വാര്‍ത്തയിലുണ്ട്.


അതേസമയം, കെ.സുരേന്ദ്രനെ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും സമാനമായ വകുപ്പുകളില്‍ 14 ദിവസത്തിലേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് പൊലീസ് സുരേന്ദ്രനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമം, നിരോധിക്കപ്പെട്ട മേഖലയിലേക്ക് കടന്ന് ചെല്ലാന്‍ ശ്രമം എന്നിവയാണ് സുരേന്ദ്രനെതിരെയുള്ള വകുപ്പുകള്‍.

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് നിലയ്ക്കല്‍ സ്പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു പൊലീസ് സുരേന്ദ്രനേയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.


പുലര്‍ച്ചെ 6.30തോടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സുരേന്ദ്രന്‍ പൊലീസിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭക്ഷണം, മരുന്ന് എന്നിവയടക്കം മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു എന്നും പൊലീസ് മര്‍ദിച്ചു എന്നും സുരേന്ദ്രന്‍ പാരാതിപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരേന്ദ്രന്‍ അടക്കമുള്ളവരെ പൊലീസ് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.