കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നോ, ഇല്ലെന്നോ ഇപ്പോള്‍ പറയാനില്ലെന്ന് കെ. സുധാകരന്‍ എം.പി. സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് യുക്തിസഹമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
നേരത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്നും പാര്‍ട്ടിക്കകത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പിന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
സുധാകരന്റെ ഈ പ്രഖ്യാപനം കോണ്‍ഗ്രസ് അണികളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
1992-ല്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ. സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡി.സി.സി പ്രസിഡന്റായതാണ് രാഷ്ട്രീയത്തില്‍ തന്റെ വളര്‍ച്ചയുടെ ആദ്യ ചുവടുവെപ്പായത് എന്നായിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്.
അതേസമയം, സതീശന്‍-സുധാകരന്‍-വേണുഗോപാല്‍ ത്രയങ്ങളെ നേരിടാന്‍ ഒന്നിച്ച് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം.
ഡി.സി.സി, കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവന്നതോടെ തീര്‍ത്തും ഒതുക്കപ്പെട്ട അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇതോടെയാണ് സംയുക്തമായി സംഘടനാ തെരഞ്ഞെടുപ്പ് നേരിടാന്‍ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്.
മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പുതിയ നേതൃത്വത്തിനോട് ഇടഞ്ഞാണ് നില്‍ക്കുന്നത്. ഇവരുടെ പിന്തുണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പുകള്‍.