തിരുവനനന്തപുരം: പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കളികാണേണ്ടെന്ന മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. തൊഴിലാളികളെയും പട്ടിണി പാവങ്ങളെയും എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.ഐ.എമ്മിനും പരമ പുച്ഛമാണെന്ന് സുധാകരന്‍ പറഞ്ഞു.
മുതലാളിത്വത്തിന്റെ ആരാധകരായ സി.പി.ഐ.എം നയിക്കുന്ന മുന്നണിയുടെ ഭാഗമായ ഒരു മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞു.
പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിന് വേണ്ടിയുള്ള ഉപാധിയായാണ് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നത്. അധികാരം കിട്ടിയത് മുതല്‍ ഫ്യൂഡല്‍ മാടമ്പിമാരുടെ പ്രവര്‍ത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത്, ക്വാറി, ഭൂമാഫിയ എന്നിവരുടെ പണം കൊണ്ട് ആഢംബര ജീവിതം നയിക്കുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സാധാരണക്കാരന്റെയും പട്ടിണി പാവങ്ങളുടെയും ആശയും അഭിലാഷവും കാണാനുള്ള മനസ്സും വിവേകവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
മന്ത്രിയെ ഒരു മണിക്കൂര്‍പോലും മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.
വിനോദനികുതി പന്ത്രണ്ടുശതമാനമാക്കി ഉയര്‍ത്തിയതിനാല്‍ ആയിരം രൂപയുടെ ടിക്കറ്റിന് ജി.എസ്.ടി. ഉള്‍പ്പെടെ ആയിരത്തിനാനൂറ്റി എഴുപത്താറ് രൂപ നല്‍കണം. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണോ ഇങ്ങനെ സംസാരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിന്റെ ന്യായീകരണത്തിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വിവാദ പ്രസ്താവന. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.