തിരുവനന്തപുരം: ലോകബാങ്ക് ആസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയതിനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുന്‍ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞാണ് യു.എസ് സന്ദര്‍ശനത്തിനിടെ പിണറായി വിജയന്‍ ലോക ബാങ്കിന്റെ ആസ്ഥാനത്തെത്തി കടംവാങ്ങാന്‍ ഇരന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരി ഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍ നിന്നോടിച്ചയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ പോലും സി.പി.ഐ.എം ലോകബാങ്കിനും എ.ഡി.ബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും കയ്യും കണക്കുമില്ല. സി.പി.ഐ.എം നിറം മാറുന്നത് പോലെ മാറാന്‍ ഓന്തിന് പോലും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
2001ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആധുനികവത്കരണത്തിനുള്ള എം.ജി.പി പ്രോഗ്രാമില്‍ നിന്നും 1200 കോടി രൂപയുടെ വിദേശവായ്പ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷോഭം നടത്തിയെന്നും എ.ഡി.ബി സംഘത്തെ ഡി.വൈ.എഫ്.ഐക്കാര്‍ കരിഓയില്‍ ഒഴിച്ച് ഓടിച്ചുവിടുകയും അവരുടെ ഓഫീസ് തച്ചുടക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എം.ജി.പി സെക്രട്ടറി കെ.എം. എബ്രാഹാമിന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് വി.എസ് പ്രസംഗിച്ചപ്പോള്‍ പിണറായിയും കോടിയേരിയും ആര്‍ത്തുചിരിച്ചെന്നും സുധാകരന്‍ വിമര്‍ശിച്ചു.
2006ല്‍ വി.എസ് സര്‍ക്കാര്‍ വിദേശവായ്പാ നടപടികളുമായി മുന്നോട്ടുപോകുകയും 1200 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തപ്പോള്‍ സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് പുറത്തുവന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇ കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1998ലാണ് വിദേശവായ്പക്ക് ശ്രമം ആരംഭിച്ചത്. അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ആ വര്‍ഷം പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ വായ്പ അന്നു ലഭിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ വിഖ്യാതമായ ജോണ്‍സ് ഹോപ്കിന്‍സിന് ഏഷ്യന്‍ കാമ്പസ് തുടങ്ങാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയായപ്പോഴും സി.പി.ഐ.എം എതിര്‍ത്തു. മൂന്നാറില്‍ 72 ഏക്കറില്‍ 700 കോടി രൂപ മുടക്കി തുടങ്ങാനിരുന്ന കൂറ്റന്‍ ആശുപത്രിയായിരുന്നു ഇത്. സി.പി.ഐ.എം പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ സിംഗപ്പൂരിലേക്ക് പോയെന്നും സുധാകരന്‍ പറഞ്ഞു.
ഇന്നത് ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രം കൂടിയാണ്. അതുണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമേരിക്കയിലേക്ക് കൂടെക്കൂടെ ഓടാതെ മൂന്നാറില്‍ ചികിത്സ നടത്താമായിരുന്നെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Content Highlight : K Sudhakaran criticise pinarayi vijayan