Kerala News
'കള്ള വോട്ട് ചെയ്തിട്ട് ഇങ്ങനെ, അപ്പോ ചെയ്യാതിരുന്നെങ്കില്‍ എന്തായേനേ': പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 03, 06:52 am
Friday, 3rd June 2022, 12:22 pm

കൊച്ചി: കള്ള വോട്ട് ചെയ്തിട്ടും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാണെങ്കില്‍ കള്ള വോട്ട് ചെയ്തില്ലെങ്കില്‍ ഫലം എന്താകുമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രങ്ങളെ മാറ്റിക്കുറിച്ചാണ് ഒരു മുഖ്യമന്ത്രി നിയോജകമണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. എന്നിട്ടും ദയനീയമായി, ഒരു റൗണ്ടില്‍ പോലും മുന്നേറാന്‍ കഴിയാത്തതില്‍ ദുര്‍ബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയന്‍ മാറിയ രംഗമാണിതെന്നും കെ.സുധാകരന്‍ പറഞ്ഞു.

‘തൃക്കാക്കരയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയത് ധൂര്‍ത്താണ്. ഉപതെരഞ്ഞെടുപ്പിന് ഇത്രയധികം പണം ചെലവഴിച്ച് ഒരു പാര്‍ട്ടിയും ഇതുവരെ ജനങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചിട്ടില്ല. ഇതിനിടയ്ക്ക് കള്ളവോട്ട് ചെയ്തിട്ടുമുണ്ട്. കള്ളവോട്ട് ചെയ്യാന്‍ കണ്ണൂര് നിന്നും ആളുകള്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് വ്യാജ ഐ.ഡി കാര്‍ഡ് ഉണ്ടാക്കിയിട്ടുമുണ്ട്. ആ ഐ.ഡി കാര്‍ഡുമായി ആളുകള്‍ കള്ളവോട്ട് ചെയ്യാന്‍ പോയിട്ടുമുണ്ട്. കള്ളവോട്ട് ചെയ്തതിന് അവിടെ ഇടതുപക്ഷക്കാരന്‍ പൊലീസിന്റെ കസ്റ്റഡിയിലുമായിട്ടുണ്ട്. ചെയ്തിട്ടില്ലെന്നൊന്നും അവര്‍ക്ക് പറയാന്‍ കഴിയില്ല.

കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ കള്ളവോട്ട് ഇല്ലാതെ ചെയ്‌തെങ്കില്‍ ഈ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമായിരുന്നു എന്ന് നാട് ചിന്തിക്കും. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഈ തെരഞ്ഞെടുപ്പോടുകൂടി സംജാതമാകാന്‍ പോകുകയാണ്,’ സുധാകരന്‍ പറഞ്ഞു.

‘കാസര്‍കോട് നിന്നും പതിനാല് ജില്ലകളില്‍ നിന്നുമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ക്യാമ്പടിക്കുമെങ്കിലും പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് നേതാക്കള്‍ മുതല്‍, എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ എല്ലാവരും വീടുകള്‍ കയറി ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇത് കണ്ട് ഘടകക്ഷികള്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചു. പ്രതിപക്ഷ പാര്‍ട്ടികല്‍ കോണ്‍ഗ്രസിന് ഇങ്ങനേയും പറ്റുമോയെന്ന് അമ്പരന്നു. ഇതാണ് പുതിയ കോണ്‍ഗ്രസ്. ഇതാണ് കേരളത്തില്‍ വരാന്‍ പോകുന്ന കോണ്‍ഗ്രസ്. ഈ കോണ്‍ഗ്രസാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: K sudhakaran against Pinarayi vijayan