Kerala News
ഞാന്‍ പാരമ്പര്യ വൈദ്യത്തിന്റെ സുഖം അനുഭവിക്കുന്നയാള്‍; മോണ്‍സണെ ശത്രുപക്ഷത്ത് നിര്‍ത്തില്ല: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 19, 07:57 am
Monday, 19th June 2023, 1:27 pm

തിരുവനന്തപുരം: താന്‍ പാരമ്പര്യ വൈദ്യന്റെ ചികിത്സയെടുക്കുന്നവനും അതിന്റെ സുഖം അനുഭവിക്കുന്നവനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തന്റെ അനുഭവത്തില്‍ മെഡിക്കല്‍ സയന്‍സിനോടൊപ്പം നില്‍ക്കുന്ന ചികിത്സകള്‍ നാട്ടിലുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഞാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍മാരെയും സയന്‍സും നോക്കുന്നതിന് മുമ്പ് രോഗത്തിന് പരിഹാരം തേടുന്ന ഒത്തിരി സ്ഥലമുണ്ട്. ഇന്നലെ പത്ര സമ്മേളനം നടത്തിയ സിദ്ദീഖ് പറഞ്ഞിട്ടുണ്ട് ഈ രംഗത്ത് സുധാകരേട്ടന്‍ വളരെ പെര്‍ഫക്റ്റാണെന്ന്. ഞാന്‍ നാടന്‍ പാരമ്പര്യ വൈദ്യന്റെയും, ആദിവാസി വൈദ്യന്റെയും ട്രീറ്റ്‌മെന്റ് എടുത്തവനും അതിന്റെ സുഖം അനുഭവിക്കുന്നവനുമാണ്. എന്റെ അനുഭവത്തില്‍ മെഡിക്കല്‍ സയന്‍സിനോടൊപ്പം നിര്‍ത്താവുന്ന അത്തരം ചികിത്സകള്‍ നാട്ടിലുണ്ട്,’ സുധാകരന്‍ പറഞ്ഞു.

താന്‍ മാത്രമല്ല മോണ്‍സന്റെയടുത്ത് പോയതെന്നും ദേവനടക്കമുള്ള സിനിമാ താരങ്ങള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫീസര്‍മാരും, സിനിമാ നടിമാരും അവിടെ വന്നിട്ടുണ്ടെന്നും അവരാരും പ്രതികളാകാത്തത് അവരുടെ ഭാഗ്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മോണ്‍സന്‍ തട്ടിപ്പുകാരനാണെന്ന് താന്‍ പറയേണ്ടതില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.

‘മോണ്‍സന്റേത് തട്ടിപ്പ്‌കേസാണെന്ന് പൊലീസ് പറഞ്ഞതോടെ അത് തട്ടിപ്പ് കേസായില്ലേ. പിന്നെ അതിന്റെ പുറത്ത് എന്റെ സര്‍ട്ടിഫിക്കറ്റ് വേണോ?

മോണ്‍സന്‍ മാവുങ്കല്‍ പഠിക്കാത്ത ഡോക്ടറാണെന്ന് അന്വേഷിച്ച് പൊലീസ് പറഞ്ഞാല്‍ അതിനപ്പുറത്തേക്ക് ഒരു സര്‍ട്ടിഫിക്കറ്റ് സുധാകരന്‍ കൊടുക്കണോ?

എനിക്ക് അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പര്യമില്ല. അയാള്‍ എന്നോട് വളരെ സ്‌നേഹപൂര്‍വം പെരുമാറിയൊരാളാണ്. ഞാന്‍ ഏല്‍പ്പിച്ച പല കാര്യങ്ങളും അദ്ദേഹം ചെയ്ത് തന്നിട്ടുണ്ട്. അദ്ദേഹത്തിന് പുരസ്‌കാരം കൊടുത്ത സര്‍ക്കാരാണ് ഈ സര്‍ക്കാര്‍,’ സുധാകരന്‍ പറഞ്ഞു.

മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ പീഡനക്കേസിലെ സംഭവം നടക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കൊണ്ട് മാപ്പ് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നീതിന്യായ വ്യവസ്ഥയുണ്ടെങ്കില്‍, നീതി നിഷേധമില്ലെങ്കില്‍ അദ്ദേഹം ഇതിന് കൈകെട്ടി മാപ്പ് പറയേണ്ടി വരുമെന്നതിന് തര്‍ക്കമില്ല.

ഇതിന്റെ പിറകിലുള്ള വികാരമെന്താണ്. ഞാനുമായി നേരിട്ട് ബന്ധമില്ലാത്ത കുറേ ചെറുപ്പക്കാര്‍ എന്നെ കേസിനകത്ത് പെടുത്താന്‍ ശ്രമിച്ചപ്പോഴേ എനിക്ക് ആശങ്കയുണ്ടായിരുന്നു.

ഇതിന്റെ പിറകില്‍ സി.പി.ഐ.എമ്മാണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഭരണകൂടം ഇത് പോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയ നേതൃത്വത്തിന് ഇത് തോന്നുമോ. ഒരു കെട്ടുകഥയുണ്ടാക്കി ഒരു രാഷ്ട്രീയ നേതാവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതൃത്വം ഈ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും എന്നെ കുറ്റപ്പെടുത്തുമോയെന്ന് എനിക്ക് അറിയില്ല.

ഗോവിന്ദന്‍ മാഷ് എന്ന് പറയാന്‍ നാണം തോന്നുന്നു. ഇതിന് ദൈവം മറുപടി നല്‍കും, കാലം മറുപടി പറയും,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS: k sudhakaran about monson