Cricket
ഇന്‍ഡോറില്‍ അവന്‍ കളിക്കാതിരുന്നത് നന്നായി, അതിന് ദൈവത്തിന് നന്ദി: ശ്രീകാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 05, 02:28 pm
Sunday, 5th March 2023, 7:58 pm

ഓസീസിനെതിരെയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ വമ്പന്‍ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയില്‍ കിരീടം കൈവിട്ട് പോകാതിരിക്കാന്‍ ഓസീസ് ടീമിന് അവസരമൊരുങ്ങി.

മൂന്നാം ടെസ്റ്റില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ടീമിനെ ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്താക്കാന്‍ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും 197 എന്ന ചെറിയ സ്‌കോറില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.

തുടര്‍ന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ വേണ്ടിയിരുന്ന ഇന്ത്യന്‍ ടീം വെറും 163 റണ്‍സിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്. 76 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ വെറും ഒരു വിക്കറ്റില്‍ ലക്ഷ്യം മറികടന്ന് പരമ്പരയില്‍ നിര്‍ണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റില്‍ കെ.എല്‍ രാഹുലിനെ ഒഴിവാക്കിയിരുന്നു. മത്സരത്തില്‍ ശുഭ്മന്‍ ഗില്ലാണ് രാഹുലിന് പകരക്കാരനായി ഇറങ്ങിയത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. മത്സരത്തില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയത് നന്നായെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മൂന്നാം ടെസ്റ്റില്‍ രാഹുലിനെ ഒഴിവാക്കിയത് നന്നായി. അവനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ വിരാട് കോഹ്‌ലി പോലും റണ്‍സെടുക്കാന്‍ പാടുപെടുന്ന പിച്ചില്‍ അവന്റെ കരിയര്‍ അവസാനിക്കുമായിരുന്നു. അക്കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഈ വിക്കറ്റുകളില്‍ കളിച്ച് അടുത്ത രണ്ട് ടെസ്റ്റുകളില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ കരിയര്‍ എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. അവന്‍ കളിക്കാത്തതിന് ദൈവത്തിന് നന്ദി.

ഈ പിച്ചുകളില്‍ ബാറ്റിങ് വളരെ ബുദ്ധിമുട്ടാണ്. ആരായാലും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടും. അതിനി വിരാട് കോഹ്‌ലി ആയാലും. റണ്‍സെടുക്കാന്‍ സാധിക്കില്ല. ഈ പിച്ചുകളില്‍ ആര്‍ക്കും റണ്‍സ് എടുക്കാന്‍ കഴിയില്ല,’ ശ്രീകാന്ത് പറഞ്ഞു.

2008ല്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തില്‍ പിച്ച് ഇത്തരത്തില്‍ ആയിരുന്നില്ലെന്നും എന്നിട്ടും ഇന്ത്യ 2-0 മാര്‍ജിനില്‍ വിജയിച്ചെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ പിച്ചുകളിലെ ബാറ്റിങ് കാണാന്‍ ബുദ്ധിമുട്ടാണെന്നും ടെസ്റ്റ് ക്രിക്കറ്റിന് ഇതൊരു നല്ല കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: K Srikanth about KL Rahul