ചരിത്രപരമായ വഞ്ചന ; ഹാരിസണ്‍ കമ്പനിയ്ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും റവന്യൂ വകുപ്പും തോറ്റുകൊടുത്തു
Governance and corruption
ചരിത്രപരമായ വഞ്ചന ; ഹാരിസണ്‍ കമ്പനിയ്ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും റവന്യൂ വകുപ്പും തോറ്റുകൊടുത്തു
കെ. സന്തോഷ്‌ കുമാര്‍
Tuesday, 18th September 2018, 11:06 am

 

കേരള സര്‍ക്കാര്‍ ഹാരിസണ്‍ കേസ് കോടതിയില്‍ തോറ്റു പോകുമെന്ന് 2017 ല്‍ വിവിധ ലേഖനങ്ങളിലൂടെ എഴുതിയിരുന്നു. കേസ് അന്തിമവാദത്തിനായി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ വിധി ഉണ്ടായാല്‍ നിസംശയം, കേസില്‍ തോറ്റുപോകുമെന്നും 2017 ഡിസംബര്‍ 27നു തന്നെ എഴുതിയിരുന്നു. കാരണം അത്രമേല്‍ അട്ടിമറികള്‍ ഭരണവകുപ്പും, റവന്യൂ വകുപ്പും, അഡ്വക്കേറ്റ് ജനറല്‍ ഓഫീസും ഹാരിസണ്‍ കേസില്‍ നടത്തിയിരുന്നു.

ഹൈക്കോടതി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം പോലും നല്‍കാന്‍ റവന്യൂ വകുപ്പും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും തയ്യാറായില്ല. നാടകത്തിന്റെ പര്യവസാനം 2018 ഏപ്രിലില്‍ വിധി വന്നപ്പോള്‍ ഹാരിസണ്‍ കേസ് തോറ്റു എന്നു മാത്രമല്ല, കോടതിയുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനവും സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നു. കേസിന്റെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ കേസ് ബോധപൂര്‍വ്വം തോറ്റു കൊടുക്കുകയാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടും. കേസിന്റെ നടപടിക്രമങ്ങള്‍ റവന്യു വകുപ്പോ കേരള സര്‍ക്കാരോ പാലിക്കാത്തതു കൊണ്ടാണ് സുപ്രീം കോടതിയും കേസ് തള്ളിയത്. ഇതില്‍ ഒരു അത്ഭുതവുമില്ല, രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍! ഇവിടെ ചെറിയ ഒരു വ്യത്യാസമുണ്ട്, പാല്‍ വൈദ്യന്റെയും രോഗത്തെ ശമിപ്പിപ്പിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മുഴുവന്‍ തോട്ടം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 2017 ല്‍ എഴുതിയ ലേഖനങ്ങളുടെ സംക്ഷിപ്തം.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ ആറോളം അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി.വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം.ജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്‌പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

ഹാരിസണ്‍ തോട്ടഭൂമി ഏറ്റെടുക്കണമെന്നത് സംബന്ധിച്ച അന്തിമവാദം 2018 ജനുവരി 30 ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേള്‍ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെ വന്നാല്‍ കേസ് ഹാരിസണ്‍ മലയാളത്തിന് അനുകൂലമായി വരുവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മിലുള്ള കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ഹാരിസണ്‍ കേസും അവര്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി മറിച്ചുവിറ്റ ടി.ആര്‍ ആന്‍ഡ് ടി, റിയ, ചെറുവള്ളി, ബോയ്‌സ്, ബ്രൈമൂര്‍ കേസുകളും വാദിക്കാനാളില്ലാത്ത സ്ഥിതിയാണ് ഉള്ളത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആറ് അഭിഭാഷകരെ ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ കോടതി അന്തിമവാദം കേള്‍ക്കുമ്പോള്‍ ഹാരിസണ്‍ മലയാളത്തിന് അനുകൂലമായ വിധിയാണ് വരാന്‍ സാധ്യത. അങ്ങനെ വന്നാല്‍ മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെയും അത് ബാധിക്കും. കേരളത്തിന് നഷ്ടപ്പെടുന്നത് അഞ്ചുലക്ഷത്തി ഇരുപതിനായിരത്തിലധികം തോട്ടം ഭൂമിയായിരിക്കും.

ഭൂമിയേറ്റെടുക്കല്‍ പ്രഹസനമാക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സി.പി.ഐയും റവന്യൂ വകുപ്പും

രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച സമഗ്രമായ നിയമനിര്‍മ്മാണത്തിന് പകരം Andhrapredesh Land Grabbing Prohibitation Act ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറുകയും പിടിച്ചടക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. സ്വാതന്ത്യത്തിന് മുന്‍പ് വിദേശ കമ്പനികള്‍ നാട്ടുരാജ്യങ്ങളുമായി കാരാര്‍ ഒപ്പിടുകയും ആ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്നും ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്ന കമ്പനികളുടെ ഉടമസ്ഥതയില്‍ തീര്‍പ്പ് കല്പിക്കാനോ നിയമവിരുദ്ധമായി ഭൂമി കയ്യേറി വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനോ ഈ നിയമം അപര്യാപ്തമാണ്.

മാത്രവുമല്ല കേരള ഭൂസംരക്ഷണ നിയമം ഈ നിയമത്തെക്കാള്‍ ശക്തവുമാണ്. സ്വാതന്ത്യത്തിന് മുന്‍പുള്ള കമ്പനികളുടെ ഭൂഉടമസ്ഥത പരിശോധിക്കാന്‍ ഡോ. എം.ജി രാജമാണിക്യം ഐ.എ.എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത് കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ്. മൂന്നാറിലുള്‍പ്പടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

നിലവിലുള്ള നിയമത്തെക്കാള്‍ ശക്തമായതും സമഗ്രമായതുമായ നിയമനിര്‍മ്മാണം രാജമാണിക്യം റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള നിയമത്തെക്കാള്‍ ദുര്‍ബലമായ നിയമം നിര്‍മ്മിക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിക്കുന്നത് നിയമനിര്‍മ്മാണം എന്ന ആവശ്യത്തെ തന്ത്രപൂര്‍വ്വം മറികടന്നുകൊണ്ട് റ്റാറ്റ – ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. സമഗ്രമായ നിയമ നിര്‍മ്മാണം നടന്നാല്‍ റ്റാറ്റ – ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കേണ്ടി വരും. പ്രത്യക്ഷത്തില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് പ്രഹസനം കാട്ടുന്ന സി.പി.ഐക്കോ റവന്യൂ വകുപ്പിനോ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ യാതൊരുവിധ താല്പര്യവുമില്ലെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അവരുടെ നടപടികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍. ഭട്ടിനെ മാറ്റുകയാണ് അവര്‍ ചെയ്തത്. മാറ്റുമ്പോള്‍ സി.പി.ഐ പറഞ്ഞത് ഇതിനേക്കാള്‍ മെച്ചപ്പെട്ട അഡ്വക്കേറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നാണ്. പിന്നീട് പബ്ലിക് പ്രോസിക്യൂട്ടറായി കൊണ്ടുവന്ന രഞജിത്ത് തമ്പാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍ ഭൂമി മുറിച്ച് വിറ്റ ആനന്ദവല്ലി കേസില്‍ ഹാരിസണിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത വ്യക്തിയാണ്. ഇത് ഏറെ വിവാദമായതിനെത്തുടര്‍ന്നാണ് രഞ്ജിത്ത് തമ്പാനെ മാറ്റുന്നതും പ്രേമചന്ദ്ര പ്രഭുവിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി കൊണ്ടുവരുന്നതും.

എന്നാല്‍ കോടതിയില്‍ കൃത്യസമയത്ത് സത്യവാങ്മൂലം നല്‍കാത്തതുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ കേസുകളില്‍ സര്‍ക്കാരിന് പ്രതികൂലമായ വിധിയാണ് വന്നുകൊണ്ടിരിക്കുന്നത്. ടി.ആര്‍ ആന്‍ഡ് ടി കമ്പനി കയ്യേറിയ 7500 ഏക്കര്‍ ഭൂമി ഏറ്റെടുത്തതുകൊണ്ട് 2016 ജൂണ്‍ 10 ന് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനി 2016 ആഗസ്റ്റ് 11ന് ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ആളില്ലാത്തതുമൂലവും സര്‍ക്കാര്‍ അഡ്വക്കേറ്റ് സത്യവാങ്മൂലം നല്കാത്തതിനാലുമാണ് ഒക്ടോബര്‍ 21ന് കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ നല്‍കുന്നത്. മാത്രവുമല്ല വന്‍കിട കുത്തകള്‍ കൈവശം വെയ്ക്കുന്ന ഭൂമി ഏറ്റെടുത്തതുകൊണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍ 2015 ഡിസംമ്പര്‍ 30 ഇറക്കിയ അതിപ്രധാന ഉത്തരവും കോടതി ഇതോടൊപ്പം സ്റ്റേ ചെയ്തു!

ഈ സ്റ്റേ പിന്‍പറ്റിയാണ് ബ്രൈമൂര്‍ 700 ഏക്കര്‍ ഭൂമി 2016 ഒക്ടോബര്‍ 20 ലും ആര്‍.ബി.ടി ( റായ് ബഹദൂര്‍ ടാക്കൂര്‍ ) 900 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി 2016 നവംമ്പര്‍ 16 ല്‍ വാദിക്കാന്‍ ആളില്ലാതെ ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്. ഏറ്റവും ഒടുവിലില്‍ എ.വി.ടിയ്ക്ക് അനുകൂലമായും വിധി വന്നിരിക്കുന്നു. ഭൂമിയേറ്റെടുക്കല്‍ കേസുകളില്‍ പ്രതികൂലമായി വിധി വരുമ്പോഴും സി.പി .ഐയും സര്‍ക്കാരും ക്രിയാത്മകവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കാതെ തോട്ടം കമ്പനികള്‍ക്ക് വേണ്ടി നിശബ്ദത പാലിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയിലാണ് രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ല എന്ന വിചിത്രമായ റിപ്പോര്‍ട്ട് നിയമവകുപ്പ് നല്‍കിയിരിക്കുന്നത്.

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആറ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരു നടപടിയും എടുക്കാതെ പുതിയ പുതിയ കമ്മീഷനുകളെ നിയോഗിച്ചുകൊണ്ടേയിരിക്കുന്നു, ടാറ്റ കയ്യേറ്റം നടത്തിയിട്ടില്ല എന്ന നിലപാട് സ്വീകരിക്കുന്നു. ഏറ്റവും ഒടുവില്‍ രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അന്തസത്ത മുഴുവന്‍ ഇല്ലാതാക്കുന്ന തരത്തില്‍ സമഗ്ര നിയമനിര്‍മ്മാണം നടത്താതെ കേരള ഭൂസംരക്ഷണ നിയമത്തെക്കാള്‍ ദുര്‍ബലമായ Andhrapradesh Land Grabbing Prohibition Act ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധുത നിയമവകുപ്പിനോട് നിയമോപദേശം ആരായുന്നു. ഇതൊക്കെ തന്നെ രാജമാണിക്യം റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് നിയമസഭയില്‍ നിരന്തരം ചോദ്യം ചോദിക്കുകയും ഭൂമിയേറ്റെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്ന എ.കെ ബാലന്‍ ഇന്ന് നിയമവകുപ്പ് മന്ത്രിയാണ്. അതേ മന്ത്രിയുടെ വകുപ്പാണ് രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അതിലെ നിര്‍ദ്ദേശങ്ങള്‍ ദുര്‍ബലമാണെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്!

നിയമവകുപ്പ് മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും അറിയാതെ ഗുരുതരമായ ഇത്തരം ഒരു റിപ്പോര്‍ട്ട് നിയമവകുപ്പ് നല്കുകയില്ലെന്ന് വ്യക്തമാണ്. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ ഭരണതലത്തില്‍ നടക്കുന്നത് എന്ന് വ്യക്തമാണ്.

ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ അനധികൃതമായി കൈവശം വെയ്ക്കുന്ന തോട്ടംഭൂമി ഏറ്റെടുക്കുന്നതിന് ഏറ്റവും കാര്യക്ഷമാമായതും സുപ്രധാനവുമായ നടപടികളാണ് 2013 മുതല്‍ സര്‍ക്കാര്‍ ഭരണതലത്തിലും ഭൂമിയേറ്റെടുക്കല്‍ കേസുകളുമായി ബന്ധപ്പെട്ടു കോടതികളിലും നടന്നുകൊണ്ടിരുന്നത്. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഈ നടപടികള്‍ മുഴുവന്‍ തോട്ടം കമ്പനികള്‍ക്കും കയ്യേറ്റ റിസോര്‍ട്ട് മാഫിയകള്‍ക്കും വേണ്ടി അട്ടിമറിച്ചിരിക്കുകയാണ്.

അഞ്ച് ലക്ഷത്തിലധികം ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കാന്‍ അതിന് നിയമ സാധുതയില്ലെന്ന റിപ്പോര്‍ട്ടാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഭരണവകുപ്പിനും റവന്യൂ വകുപ്പിനും സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ തോട്ടംഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളില്‍ അതിനിര്‍ണനായകമായ ഒന്നായിരുന്നു ഡോ.രാജമാണിക്യം ഐ.എ.എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിക്കുന്നത്.

1947 നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വെച്ചിരുന്നതും സ്വതന്ത്ര്യാനന്തരം നിയമവിരുദ്ധമായും ഇന്ത്യന്‍ കമ്പനികളുടെ പേരിലും ബിനാമി ഇടപാടുകളിലൂടെയും കൈവശപ്പെടുത്തിയ തോട്ടംഭൂമിയുടെ ഉടമസ്ഥത പരിശോധിക്കാനും അനധികൃത ഭൂമി കയ്യേറ്റങ്ങളെ കേരള ഭൂസംരക്ഷണം നിയമം 1957 ന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് അന്നത്തെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത 25/04/2013 ഇറക്കിയ ഉത്തരവിലൂടെ ( GO (MS ) No. 161/ 2013/RD ) അദ്ദേഹത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. തോട്ടം കമ്പനികള്‍ കൈവശം വെച്ചിരിക്കുന്നത് പാട്ടഭൂമിയാണെന്ന നാളിതുവരെ ഉണ്ടായിരുന്ന ധാരണകള്‍ തെറ്റാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ തെളിയിച്ചു.

ടാറ്റ,ഹാരിസണ്‍,ആംഗ്ലോ അമേരിക്കന്‍ കമ്പനി ലിമിറ്റഡ്, ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി, പീരുമേട് ടീ കമ്പനി തുടങ്ങിയ തോട്ടം കമ്പനികള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായാണും കേരളത്തിന്റെ 58 ശതമാനം വരുന്ന 5,20000 ഏക്കര്‍ തോട്ടംഭൂമി കൈവശപ്പെടുത്തി വെച്ചിരിക്കുന്നതെന്ന് ഡോ. എം.ജി രാജമാണിക്യം റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിച്ചു. തോട്ടംഭൂമി ഏറ്റെടുക്കുന്നതിന് ഭൂസംബന്ധമായ മുഴുവന്‍ നിയമങ്ങളും പരിശോധിച്ച് നിയമപരമായ മുഴുവന്‍ സാധ്യതകളും അദ്ദേഹം റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി.

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, കേരള ഭൂസംരക്ഷണ നിയമം 1957 , കേരള ഭൂപരിഷ്‌കരണ നിയമം 1963 & 1969 , ടാറ്റ ഭൂമി ഏറ്റെടുക്കല്‍ (ഭേദഗതി ) നിയമം 1971, ഫെറ നിയമം 1947 &1973 , ഇന്ത്യന്‍ കമ്പനി ആക്ട്‌സ് 1956, ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം 1955 തുടങ്ങിയ നിയമങ്ങളുടെയും നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട് തുടങ്ങിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും വിവിധ തിരുവിതാംകൂര്‍ ലാന്റ് റവന്യൂ മാന്വല്‍ന്റെയും 1972ലെ സുപ്രീംകോടതി വിധിയുടെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് ടാറ്റ – ഹാരിസണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ നിയമവിരുദ്ധമായും അനധികൃതമായും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുമാണ് ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നത് എന്ന് സമര്‍ത്ഥിച്ചത്.

കമ്പനികള്‍ അനധികൃതമായി കൈവശം വെയ്ക്കുന്ന ഈ ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമിയുടെ പുനര്‍വിതരണം ശാസ്ത്രീയമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 30/ 12 / 2015 ല്‍ മറ്റൊരു ഉത്തരവിലൂടെ ( GO (MS ) No. 703 / 2015 /RD ) അദ്ദേഹത്തെ ഹാരിസന്‍ മലയാളം പ്ലാന്റെഷന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ ഭൂമി ഏറ്റെടുക്കുവാന്‍ അര്‍ദ്ധ ജഡീഷ്യല്‍ അധികാരങ്ങളോടെ റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഹാരിസണിന്റെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിലെ 38051 ഏക്കര്‍ ഭൂമി 2015 ല്‍ ഏറ്റെടുത്തുകൊണ്ട് ഭൂമി യേറ്റെടുക്കല്‍ നടപടിക്ക് തുടക്കം കുറിച്ചു. ഈ നടപടികള്‍ മുഴുവനാണ് തോട്ടം കുത്തകകള്‍ക്ക് വേണ്ടി സര്‍ക്കാരും റവന്യൂ വകുപ്പും സി.പി.ഐയും അട്ടിമറിച്ചിരിക്കുന്നത്. ഹാരിസണ്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമികമായി കടന്ന് പോകുന്ന ഏതൊരാള്‍ക്കും ഹാരിസണ്‍ മലയാളം ഇന്ത്യയുടെ പരമാധികാരത്തേയും നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ടാണ് കേരളത്തിന്റെ ഭൂമി തട്ടിയെടുത്തത് എന്ന് വ്യക്തമാകും.

ഹാരിസണ്‍ ഭൂമി തട്ടിപ്പിന്റെ ചരിത്രം

തിരുവിതാംകൂര്‍ രാജ്യത്തിന്റെ സാമന്ത രാജ്യങ്ങള്‍ ആയിരുന്ന പൂഞ്ഞാര്‍ കൊട്ടാരം, ഇടപ്പള്ളി സ്വരൂപം , വഞ്ചിപ്പുഴ മഠം, കിളിമാനൂര്‍ കൊട്ടാരം എന്നിവരില്‍ നിന്ന് 86559 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി രൂപീകൃതമാകുന്നത്. 1834 മുതല്‍ കേരള ത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ദി റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ലിമിറ്റഡ്, ദി മലയാളം റബ്ബര്‍ ആന്‍ഡ് ടീ പ്രൊഡ്യൂസിംഗ് കമ്പനി, ദി ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസിംഗ് കമ്പനി, ദി മേപ്പാടി- വയനാട് ടീ കമ്പനി എന്നീ അഞ്ച് കമ്പനികള്‍ ചേര്‍ന്ന് ഇംഗ്ലീഷ് കമ്പനീസ് കണ്‍സോളിഡേഷന്‍ ആക്ട് ,1908 പ്രകാരം 1921 ല്‍ മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ്, ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് (UK ) ലിമിറ്റഡ് എന്നീ രണ്ട് കമ്പനിയായി മാറുകയും കമ്പനിയുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്യുകയുമാണ് ചെയ്തത്.

പഴയ അഞ്ച് കമ്പനികളുടെയും പുതിയതായി ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനിയുടെയും മേല്‍വിലാസം “1 -4 , ഗ്രേറ്റ് ടവര്‍ സ്ട്രീറ്റ്, ലണ്ടന്‍” എന്ന ഒറ്റമേല്‍വിലാസം തന്നെയായിരുന്നു. എന്ന് മാത്രമല്ല തിരുവിതാംകൂര്‍ രാജാവില്‍ നിന്ന് ഭൂമി പാട്ടത്തിന് വാങ്ങുന്നതും പാട്ടത്തിന് വാങ്ങിയ ഭൂമി പുതിയ കമ്പനിക്ക് വില്‍ക്കുന്നതും പുതിയ കമ്പനിക്ക് വേണ്ടി വാങ്ങിയതും ജോണ്‍ മക്കി എന്ന ബ്രിട്ടീഷുകാരന്‍ തന്നെയായിരുന്നു. കൊല്ലം സബ് രജിസ്റ്റര്‍ ഓഫീസിലും മദ്രാസ് സംസ്ഥാനത്തെ ചെങ്കല്‍പെട്ട് സബ് രജിസ്റ്റര്‍ ഓഫീസിലും നടന്ന ഈ ഭൂമി കൈമാറ്റ ആധാരങ്ങള്‍ വ്യാജവും നിയമ വിരുദ്ധവും ആയിരുന്നെന്ന് എല്ലാ കമ്മീഷനുകളും ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. 1920 കളില്‍ തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആധാരങ്ങളിലും കാണുന്നത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ “കൊഞ്ച്” അടയാളം ആണ് . എന്നാല്‍ ഹാരിസണ്‍ തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെടുന്ന ആധാരം വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്ന മുദ്രക്കടലാസില്‍ ആണ് എഴുതിയിട്ടുള്ളത്. ഈ ആധാരത്തില്‍ കാണുന്നത് “ജോണ്‍ ഡിക്കിന്‍സണ്‍ കമ്പനി” എന്ന കമ്പനിയുടെ വാട്ടര്‍ മാര്‍ക്കാണ്.

1958 ലെ കേരള ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌ക്കരണ നിയം 1969, ഫെറ നിയമം പ്രാബല്യത്തില്‍ വന്നതോട് കൂടി മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനിക്ക് തങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായി. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനി തങ്ങളുടെ ഓഫീസിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ ഡയറക്ടര്‍മാരായി നിയമിച്ചുകൊണ്ട് 1978 ജനുവരി 5 ന് മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഹാരിസണ്‍ ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും കൊച്ചി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു.

9 / 4 / 1979 ല്‍ കേരളം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 545 / 78 നമ്പര്‍ ഹര്‍ജിയിലൂടെ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ ) ലിമിറ്റഡ് കമ്പനിയില്‍ ലയിപ്പിച്ചു. 19 / 09 / 1984 ലെ ഇഅ 35 /1983 നമ്പര്‍ ഹര്‍ജിയിലൂടെ ഹാരിസണ്‍ ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയില്‍ ലയിപ്പിച്ചു . ഈ ലയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് 29/ 10 / 1984 ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി നിലവില്‍ വരുന്നത്. ഇതെല്ലാം കോടതിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതി ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിടുന്നത്.

ഹാരിസണ്‍ മലയാളത്തിന് അനുകൂലമായി ഇപ്പോള്‍ വന്നിരിക്കുന്ന വിധി മുഴുവന്‍ തോട്ടം കേസുകളെയും ഭൂമി ഏറ്റെടുക്കല്‍ നടപടികളെയും പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ രണ്ടരലക്ഷം ആദിവാസികളും ദളിതരും തോട്ടംതൊഴിലാളികളും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളും ഒരുതുണ്ട് ഭൂമിയില്ലാതെ റോഡ് തോട് പുറമ്പോക്കുകളിലും ചേരിയിലും കോളനികളിലും കഴിയുമ്പോഴാണ് തോട്ടംകുത്തകള്‍ക്ക് വേണ്ടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ തോട്ടം ഭൂമി ഏറ്റെടുക്കേണ്ട കേസുകള്‍ ഓരോന്നായി ഇടതുപക്ഷ സര്‍ക്കാര്‍ ബോധപൂര്‍വം തോറ്റുകൊടുക്കുന്നത്.