കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പി.ജി. കോഴ്സില്‍ ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം ഗോള്‍വാള്‍ക്കറെയും സര്‍വര്‍ക്കറെയും പഠിപ്പിക്കുന്ന ഒരു സിലബസ് രൂപകല്‍പന ചെയ്തത് വിവാദമായിരിക്കുകയാണ്. സര്‍വകലാശാലയിലെ എം.എ. ഗവേണന്‍സ് ആന്റ് പൊളിറ്റിക്സ് കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പാഠ്യ പദ്ധതിയിലാണ് വിവാദ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘നാം നമ്മുടെ രാഷ്ട്രത്തെ നിര്‍വചിക്കുന്നു’ തുടങ്ങി അങ്ങേയറ്റം വിഷലിപ്തമായ പുസ്തകങ്ങള്‍ പ്രാഥമിക പാഠപുസ്തകമായി സിലബസില്‍ ചേര്‍ത്തിരിക്കുകയാണ്. വിവാദമായപ്പോള്‍ മൂന്നാം സെമസ്റ്ററില്‍ നിന്ന് ഒഴിവാക്കി ചില തിരുത്തലുകളോടെ നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നാണ് വൈസ് ചാന്‍സലര്‍ അവസാനമായി അറിയിച്ചത്. സത്യത്തില്‍ ഇത്തരത്തിലുള്ള ക്ഷുദ്ര കൃതികള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാവുമ്പോള്‍ ഇന്ത്യ എന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉള്‍ച്ചേര്‍ക്കലുകള്‍ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും നൈതികമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും.
അക്കാദമിക് നൈതികത
ജര്‍മനി ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹിറ്റ്ലറുടെ ‘മൈന്‍കാഫ്’ ഒരു യൂണിവേഴ്സിറ്റിയിലും പൊളിറ്റിക്കല്‍ സയന്‍സിന്റെ പാഠപുസ്തകമായി ഉള്‍പ്പെടുത്തിട്ടില്ല. എന്നാല്‍ ചില യൂണിവേഴ്സിറ്റികള്‍ നാസിസത്തിന്റെ വിമര്‍ശനാത്മക പഠനങ്ങളെ വിശാലമായ അക്കാദമിക സംവാദത്തിന്റെ ഭാഗമായി ഇടം കൊടുത്തതായും കാണാം. അഥവാ നാസിസത്തിന്റെ ദുരന്തങ്ങളെ വിദ്യാര്‍ഥികളുടെ ബോധത്തിലേക്ക് കൊണ്ടുവരിക എന്ന തീര്‍ത്തും അക്കാദമിക നൈതികതയുടെ ഭാഗമായിട്ടാണ് എന്ന് മനസ്സിലാക്കാം. എന്ന് മാത്രമല്ല നാസിസം, ഹിറ്റ്ലര്‍ എന്ന് ഉച്ചത്തില്‍ സംസാരിക്കുന്നത് പോലും ഇപ്പോഴും ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കഴിഞ്ഞ എഴുപത് വര്‍ഷമായി മൈന്‍കാഫിന്റെ പ്രസിദ്ധീകരണം പോലും ജര്‍മനിയില്‍ നിര്‍ത്തി വെച്ചിരുന്നു.
മനുഷ്യ സമുദായത്തിന് യാതൊരു ഉപകാരവും നല്‍കാനില്ലാത്ത എന്നാല്‍ ദുരന്തങ്ങള്‍ മാത്രം സമ്മാനിച്ച ഒരു ആശയത്തെ ജനതയുടെ ബോധ മണ്ഡലത്തില്‍ നിന്ന് തന്നെ നിഷ്‌കാസനം ചെയ്യാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അഥവാ അവരുടെ ജീവിതത്തെ ഇത്തരം അപകടം നിറഞ്ഞതും മനുഷ്യനെ വിഭജിക്കുന്നതുമായ പ്രതിലോമ ചിന്തകളുമായി മുന്നോട്ട് പോവാന്‍ തയാറല്ല എന്നര്‍ത്ഥം. ഇന്നലെകളില്‍ ജര്‍മനിയിലെ ജനത അനുഭവിച്ച മനുഷ്യത്വ രഹിതമായ ഒരു ആശയത്തെ ഓര്‍മകളിലേക്ക് കൊണ്ടുവരുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുത്തിയ നാസിസം എന്ന ആശയത്തിന്റെ ഇന്ത്യന്‍ പതിപ്പായ ഹിന്ദുത്വയുടെ ആചാര്യനെ കുറിച്ചും അദ്ദേഹം മുന്നോട്ട് വെച്ച അത്യന്തം വിഷലിപ്തമായ ആശയത്തെയും വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന് പറയുന്നത് അക്കാദമികമായി അവരോട് ചെയ്യുന്ന ക്രൂരതയാണ്. മനുഷ്യത്വ വിരുദ്ധമായ ഒരു ആശയത്തെ അഥവാ അപരനെ വെറുക്കാന്‍ മാത്രം പഠിപ്പിക്കുന്ന ഒരു ദര്‍ശനത്തെ മുന്നോട്ട് വെച്ച ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന് പറയുന്നതിലെ അപകടം നാം തിരിച്ചറിയാതെ പോവുകയാണ്.
യൂണിവേഴ്സിറ്റിയില്‍ ഒരു ആശയം പഠനത്തിന് ഇടം നല്‍കുന്നു എന്നതിനര്‍ത്ഥം ആ ആശയത്തിന് അംഗീകാരം ലഭിക്കുന്നു എന്നാണ്. അഥവാ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രസങ്കല്‍പത്തെ ബന്ധിപ്പിക്കുന്ന ഗാന്ധി മുതല്‍ അംബേദ്കര്‍ വരെയുള്ള വ്യത്യസ്ത ദര്‍ശനങ്ങളോടൊപ്പം നമ്മുടെ ഭരണ ഘടനയെ തകര്‍ക്കുന്ന അഥവാ മനുഷ്യ സമുദായത്തെ വിഭജിച്ച് വംശീയ ശുദ്ധിയില്‍ അഭിമാനം കൊള്ളുന്ന ഒരു ആശയത്തിന് സര്‍വതാംഗീകാരം ലഭിക്കുന്നു എന്നര്‍ത്ഥം.
വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന ഒരു ദര്‍ശനത്തിന് സാമൂഹ്യ ശാസ്ത്ര പഠനത്തില്‍ ഔദ്യോഗിക അംഗീകാരം ലഭിക്കുക എന്നത് സര്‍വകലാശാലയുടെ അക്കാദമിക നൈതികതയെ അട്ടിമറിക്കുന്നതാണ്. എല്ലാ ആശയങ്ങളും വിദ്യാര്‍ത്ഥികള്‍ പഠിക്കണം എന്ന ഉദാരവും സ്വതന്ത്രവുമായ അന്വേഷണ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷുദ്രകൃതികള്‍ അക്കാദമിക ഇടങ്ങളില്‍ സ്ഥാനം ലഭിക്കുന്നത് ഹിംസയെ മാന്യവല്‍ക്കരിക്കലാണ്. സത്യത്തില്‍ സര്‍വകലാശാലയില്‍ നടക്കേണ്ടത് അറിവുല്‍പാദനവും മാനുഷിക മൂല്യങ്ങളുടെ വികാസവുമാണ്. പക്ഷെ ഒരു ക്ഷുദ്രകൃതി ഒരിക്കലും പുതിയ അറിവിനെ ഉല്‍പാദിപ്പിക്കില്ല എന്ന് മാത്രമല്ല മനുഷ്യന്‍ നേടിയെടുത്ത എല്ലാ മൂല്യബോധങ്ങളെയും തകിടം മറിക്കുന്നതാണ്.
വംശീയത ഒരു പാഠ്യപദ്ധതിയായി സര്‍വകലാശാലയില്‍ ഇടം ലഭിച്ചാല്‍ അതിന്റെ ആശയ പരിസരം ഒരു വിദ്യാര്‍ത്ഥി പഠിക്കും. വംശവെറിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ ഉള്‍ക്കൊള്ളട്ടെ എന്ന ഉദാര സമീപനം അറിവിന്റെ അന്വേഷണത്തെ തൃപ്തിപ്പെടുത്തുവാനല്ല മറിച്ച് വിദ്യാര്‍ത്ഥിയുടെ മൂല്യബോധത്തിനേല്‍ക്കുന്ന പ്രഹരമാണ്. ഹിറ്റ്ലറുടെ മൈന്‍കാഫ് പഠന വിഷയമായാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് എന്താണ് അതില്‍ നിന്ന് അന്വേഷിച്ച് കണ്ടെത്തി മനുഷ്യ സമൂഹത്തിന് നല്‍കാനുണ്ടാവുക. മനുഷ്യന്റെ മൂല്യവത്തായ പുരോഗമനപരമായ വികാസത്തിന് ഭലം നല്‍കുന്ന എന്താണ് ഒരദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയുക. ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല വംശീയതയുടെ ചില വിത്തുകള്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഇടം ലഭിക്കുന്നതിന് കാരണമാവാം.
മനുഷ്യ സമുദായത്തിന്റെ വികാസം എന്നത് അതിന്റെ സാമൂഹ്യ ശാസ്ത്രപരമായ വികാസത്തിന്റെ ഉള്ളടക്കമാണ്. അഥവാ അപരനിലേക്ക് നീളുന്ന മനുഷ്യന്റെ ഇടപെടലുകളെ മാനവിക മൂല്യങ്ങള്‍ കൊണ്ട് ഉദാത്തമാക്കുന്ന ഒന്നായി സാമൂഹ്യ ശാസ്ത്രം വികസിക്കണം. അവിടെ അപരന്‍ ശത്രുവായി കാണുന്ന ഒരു ആശയം ഇടം പിടിക്കാന്‍ പാടില്ല എന്നത് മനുഷ്യന്റെ സാംസ്‌കാരിക ബോധവും സര്‍വകലാശാലയുടെ മൂല്യബോധവുമാണ് ഓര്‍മ്മപ്പെടുത്തുന്നത്.