തിരുവനന്തപുരം: മുഖ്യമന്ത്രി ക്ഷണിച്ച സാഹചര്യത്തിൽ കേന്ദ്ര അവഗണനക്കെതിരെയുള്ള യോഗത്തിൽ പ്രതിപക്ഷ നേതാവും ഉപനേതാവും പങ്കെടുക്കുമെന്നും എന്നാൽ സി.പി.ഐ.എമ്മുമായി യോജിച്ച സമരത്തിനില്ലെന്നും കെ. മുരളീധരൻ എം.പി.
കേരളത്തിൽ ഇത്രയധികം സാമ്പത്തിക ബാധ്യതകൾ വരുത്തിവെച്ചവർക്കൊപ്പം സമരം ചെയ്യുക എന്നതിനർത്ഥം അവർ നടത്തിയ കാട്ടുകൊള്ള തങ്ങൾ അംഗീകരിച്ചു എന്നാണ് എന്നും മാധ്യമങ്ങളോട് മുരളീധരൻ പറഞ്ഞു.
‘ഞങ്ങളുടെ എം.പിമാർ കഴിഞ്ഞ പാർലമെന്റ് സമ്മേളന സമയത്ത് നിർമല സീതാരാമന് നിവേദനം തയ്യാറാക്കിയപ്പോൾ ഇടതുപക്ഷവുമായി സംസാരിച്ചിരുന്നു, സംയുക്തമായി നിവേദനം നൽകാൻ.
അവർ ആദ്യം ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി തന്നു. ഡ്രാഫ്റ്റിനോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. കാരണം സംസ്ഥാന സർക്കാരിന്റെ എല്ലാ നിലപാടുകളെയും ന്യായീകരിച്ചു കൊണ്ടായിരുന്നു അത് തയ്യാറാക്കിയത്.
ഞങ്ങൾ ഒന്ന് തയ്യാറാക്കി അവർക്ക് കൊടുത്തു. കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ അതിൽ പരാമർശിക്കുന്നുണ്ട് എന്ന് അവർ പറഞ്ഞു.
എന്നാൽ ആ വാചകം നീക്കാമെന്ന് ഞങ്ങൾ പറഞ്ഞു. അതിനു മറുപടി നൽകാമെന്ന് പറഞ്ഞു പോയവരാണ്. പിറ്റേന്ന് ഞങ്ങൾ പത്രത്തിൽ കണ്ടു,അവർ നിർമല സീതാരാമനെ കണ്ടു എന്ന്. അതുകൊണ്ട് ഞങ്ങളും സപ്പറേറ്റ് ആയിട്ട് പോയി,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തിൽ എം.പിമാർ വേണമെന്നുണ്ട്. അതിന് വേണ്ടി അവർ എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നും സി.പി.ഐ.എമ്മുമായി അന്തർധാരക്ക് ശ്രമിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
‘എല്ലാം കേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്ന് ഇവർ (സി.പി.ഐ.എം) പറയും. ദൽഹിയിൽ നിന്ന് പറയും മുഖ്യമന്ത്രിക്കും മകൾക്കുമെല്ലാം ഒരു നിയമമാണെന്ന്. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്രവും പറയും.
നാല് മാസത്തെ സമയമാണ് അന്വേഷണത്തിന് കൊടുത്തത്. കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരായിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് റിപ്പോർട്ട് വന്നേനെ. നാല് മാസം കഴിഞ്ഞുള്ള രാഷ്ട്രീയ സാഹചര്യം ആർക്കാണ് പറയാൻ സാധിക്കുക. അന്തർധാരക്കുള്ള സമയമുണ്ട്,’ കെ. മുരളീധരൻ പറഞ്ഞു.
Content Highlight: K Muraleedharan says won’t join CPIM in protest against Centre