കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ കെ. എം. ഷാജി എം.എല്‍.എ. വിജിലന്‍സ് നടത്തുന്നത് രാഷ്ട്രീയക്കളിയാണെന്നാണ് കെ എം ഷാജി പറഞ്ഞത്.
കോടതിയില്‍ കൊടുത്ത രഹസ്യറിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. അത് തെളിയിക്കാനാവുന്ന കാര്യമാണ്. നിയമപരമായി തന്നെ കാര്യങ്ങളെ നേരിടുമെന്നും ഷാജി പറഞ്ഞു.
വിജിലന്‍സ് ഇത്തരത്തില്‍ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നെ കുടുക്കാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണിത്. കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ. എം ഷാജി പറഞ്ഞു.
ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.
ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകന്‍ എം.ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു.
ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് പറയുന്നത്.
ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്തിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ.എം ഷാജി.
‘എന്നെ കുടുക്കാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണ്’; അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സിനെതിരെ കെ. എം. ഷാജി
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക