ബി.ജെ.പി സര്‍വകക്ഷി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍; 'നടന്നത് തീവ്രവാദശൈലി ആക്രമണങ്ങള്‍': കെ. കൃഷ്ണന്‍കുട്ടി
Kerala News
ബി.ജെ.പി സര്‍വകക്ഷി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍; 'നടന്നത് തീവ്രവാദശൈലി ആക്രമണങ്ങള്‍': കെ. കൃഷ്ണന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 6:19 pm

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയതില്‍ പ്രതികരിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബി.ജെ.പി സര്‍വകക്ഷി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചിയാരുന്നാണ് വന്നതെന്ന് മന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും യോഗം ഫലപ്രദമായിരുന്നെന്നും മന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നുകയായിരുന്നു കെ. കൃഷ്ണന്‍കുട്ടി. നടന്നത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ്. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയില്ല. കോടതിയില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ നിലപാട് മാറാതെ ബി.ജെ.പിയുടെ സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. മൂവരെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര്‍ എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്.

സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായ വാര്‍ത്തകള്‍ പുറത്തുവന്നത്. സുബൈര്‍ വധക്കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായും, പ്രതികള്‍ ബി.ജെ.പി ആര്‍.എസ്.എസ് ബന്ധമുള്ളവരുമാണെന്നും എ.ഡി.ജി.പി ചൂണ്ടിക്കാട്ടിയിരുന്നു.