മന്ത്രി കെ.ബാബു രാജിവെച്ചു
Daily News
മന്ത്രി കെ.ബാബു രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2016, 3:11 pm

k-babu-02

എറണാകുളം: എക്‌സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.

ഔദ്യോഗിക രാജിപ്രഖ്യാപനം എറണാകുളം പ്രസ്‌ക്ലബ്ബില്‍ അല്പസമയത്തിനകം നടത്തുമെന്നാണ് അറിയുന്നത്. നേരത്തെ കെ.പി.സി.സി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു.

ബാര്‍ കോഴക്കേസില്‍ മന്തി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞ കോടതി സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

ബാബുവിനെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് അധികൃതര്‍ കോടതിയെ അറിയിച്ചപ്പോളായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.

വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് കോടതി അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു.

പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനാല്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണം. വിജിലന്‍സ് എസ്പിയെ മാറ്റിയത് എന്തിനാണെന്നും കെ ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്നും കോടതി ചോദിച്ചിരുന്നു. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു.

ബാബുവിനെതിരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലെന്നാണ് ഇതിന് വിജിലന്‍സ് കാരണമായി പറഞ്ഞത്. ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഇന്നുവരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ബാബുവിന് പണം കൊടുത്തുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മൊഴി മാറ്റിപ്പറയില്ലെന്നും ബാറുടമ ബിജുരമേശ് പറഞ്ഞിരുന്നു. ബാബു മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ഇന്ന് ആവശ്യപ്പെട്ടിരുന്നു.