Kerala
ജസ്റ്റിസ് ബസന്ത് പരസ്യമായി മാപ്പുപറയണം: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Feb 10, 09:08 am
Sunday, 10th February 2013, 2:38 pm

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ജസ്റ്റിസ് ബസന്ത് പരസ്യമായി മാപ്പുപറയണമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ .

ഈ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും ഒരു പുരുഷനും പറയാന്‍ പാടില്ലാത്തതാണ് ബസന്ത് പറഞ്ഞത് . ഇക്കാര്യത്തില്‍ അദ്ദേഹത്തിന് താന്‍ കത്തെഴുതുമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു.[]

സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാവൃത്തിയാണ് നടത്തിയതെന്നും ഇത് നിയമപരമായി ബലാല്‍സംഘമല്ലെന്നും ബസന്ത് ഇന്ത്യവിഷനോട് പ്രതികരിച്ചിരുന്നു.

ഈ പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്നും സുപ്രിംകോടതി തന്റെ വിധി വായിച്ചു നോക്കാതെയാണ് ഞെട്ടല്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പരിഹസിച്ചതായും ചാനല്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബസന്ത് മാപ്പുപറയുകയാണ് വേണ്ടതെന്ന് പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു.

ഇദ്ദേഹത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വീടിനു നേരെ പ്രതിഷേധപ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു.

എന്നാല്‍ സ്വകാര്യസംഭാഷണം തന്റെ അനുവാദമില്ലാതെ ഒളിക്യാമറ ഉപയോഗിച്ച് വാര്‍ത്തയാക്കിയതാണെന്നും ഇത് മാധ്യമ ധര്‍മമല്ലെന്നും, കേസില്‍ വിധി വരാനുണ്ടായ കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ബസന്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.