ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കസ്റ്റഡി മര്‍ദനങ്ങളും മറ്റു പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പൊലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി) സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസുകാര്‍ക്കുള്ള ബോധവത്കരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ.
പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് തടയിടണമെങ്കില്‍ നിയമസഹായത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. നിയമസഹായമെന്നത് ഭരണാഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം സൗജന്യമായി നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നും ജസ്റ്റിസ് എന്‍.വി. രമണ കൂട്ടിച്ചേര്‍ത്തു. നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത് ഇതിന്റെ ആദ്യ പടിയായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.