അമൃത്സര്‍: സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. നീതി നടപ്പിലായെന്നും ചെയ്ത കൊടും കുറ്റകൃത്യത്തിന് സജ്ജന്‍കുമാര്‍ ശിക്ഷയര്‍ഹിക്കുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കലാപ സമയത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കണ്ട ഇരകള്‍ സജ്ജന്‍ കുമാറിന്റെ പേര് തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്ന് അന്ന് തൊട്ടേയുള്ള തന്റെ നിലപാടാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
സജ്ജന്‍കുമാറിനെ കൂടാതെ മറ്റു നേതാക്കളായ ധരം ദാസ് ശാസ്ത്രി, എച്ച്.കെ.എല്‍ ഭഗത്, അര്‍ജുന്‍ ദാസ്, എന്നിവരുടെ പേരുകളും 34 വര്‍ഷമായി താന്‍ ഉന്നയിക്കുന്നുണ്ടെന്നും സിങ് പറഞ്ഞു. കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കോ ഗാന്ധി കുടുംബത്തിനോ പങ്കില്ലെന്നും ശിരോമണി അകാലിദളടക്കമുള്ള കക്ഷികള്‍ മറിച്ചുള്ള ആരോപണം ഉന്നയിക്കുന്നത് ബി.ജെ.പിയുടെ താത്പര്യപ്രകാരമാണെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി.
ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ്‌ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സജ്ജന്‍കുമാറിന് ഇന്ന് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാര്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്ന് കോടതി പറഞ്ഞിരുന്നു.
സിഖ കൂട്ടക്കൊല കേസില്‍ ആരോപണ വിധേയരായവരില്‍ ജീവിച്ചിരിക്കുന്ന ഏക കോണ്‍ഗ്രസ് നേതാവാണ് സജ്ജന്‍കുമാര്‍.