വിധി ഇന്നറിയാം; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്
Kerala News
വിധി ഇന്നറിയാം; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2022, 7:34 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന് ഏറെ നിര്‍ണായകമായ ഹരജിയില്‍ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക.

ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജിയിന്‍മേല്‍ വിധി പറയുന്നത്.

ഒരുപക്ഷേ കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടിയുമാകും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.

അഥവാ കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചാലും പ്രോസിക്യൂഷന് തിരിച്ചടിയാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരീഭര്‍ത്താവിനേയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വെച്ചാകും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് 19 ാം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

 

Content Highlight: Judgement on actor Dileep’s plea seeking quashing the conspiracy case