മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റി. അണക്കെട്ട് പ്രദേശത്തെ കയ്യേറ്റത്തില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത ജസ്റ്റിസ് സുധീര്‍ അഗര്‍വാളിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സെന്‍ട്രല്‍ ബെഞ്ചില്‍ നിന്ന് ദല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജസ്റ്റിസ് എസ്.കെ. സിങ് സെന്‍ട്രല്‍ ബെഞ്ചിലേക്ക് നിയമിതനാകും.
കഴിഞ്ഞ ആഴ്ച ഭോപ്പാലിലെ കാളിയസോട്ട് കെര്‍വ അണക്കെട്ടിന് ചുറ്റുമുള്ള നിരോധിത പ്രദേശങ്ങളില്‍ നിന്നുള്ള കയ്യേറ്റങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ നിഷ്‌ക്രിയത്വത്തെ സുധീര്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് അഞ്ച് ലക്ഷം രൂപ പിഴയും ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
ശരിയായി വാദിക്കുന്നതിന് പകരം വാദത്തിന്റെ തീയ്യതി നീട്ടാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനത്തിന്റെയും കഴിവില്ലായ്മയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടികാട്ടി.
നദീതീരത്തിന്റെ 33.3 മീറ്റര്‍ ചുറ്റളവില്‍ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യണമെന്ന 2014ലെ ട്രൈബ്യൂണലിന്റെ ഉത്തരവ് വായിച്ചിട്ടുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിങ് ബെയ്ന്‍സിനോട് ചോദിച്ചിരുന്നു. ഉത്തരവ് പാലിക്കാന്‍ വേണ്ടി ട്രൈബ്യൂണല്‍ ഒരു മാസത്തെ സമയവും നല്‍കിയിരുന്നു.
കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കിടയില്‍ ഏകോപനമില്ലായ്മയുണ്ടെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
ഭോപ്പാലിലെ കാളിയസോട്ടിന്റെ കെര്‍വ അണക്കെട്ടിന്റെയും തീരത്ത് നിരവധി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ നിര്‍മാണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയായിരുന്നു ട്രൈബ്യൂണലിന്റെ വിമര്‍ശനം.
content highlights: Judge who criticized Madhya Pradesh govt transferred