Football
മെസിയോ റോണോയോ? ഗോട്ട് ഡിബേറ്റിൽ രസകരമായ പ്രതികരണവുമായി ജൂഡ് ബെല്ലിങ്ഹാം
ആധുനിക ഫുട്ബോള് ഇതിഹാസങ്ങളായ ലയണല് മെസി-ക്രിസ്റ്റ്യാനോ റൊണാള്ഡോ ഫാന് ഡിബേറ്റിന് ഇനിയും അറുതി വീണിട്ടില്ല. ഫുട്‌ബോള് കളിക്കാരും പരിശീലകരും ആരാധകരും പതിവായി നേരിടുന്ന ചോദ്യമാണ് മെസിയാണോ റോണോയാണോ ഗോട്ട് എന്ന്. ഫാന് ഡിബേറ്റില് തന്റെ ഇഷ്ടതാരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്താരം ജൂഡ് ബെല്ലിങ്ഹാം.
മെസിയാണോ റോണോയാണോ ഗോട്ട് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അദ്ദേഹം നല്കിയത്. ഇവര് രണ്ടുപേരുമല്ലെന്നും ലിവര്പൂള് വിങ്ങര് മുഹമ്മദ് സലായാണ് മികച്ച താരമെന്നുമായിരുന്നു ബെല്ലിങ്ഹാം ആദ്യം അഭിപ്രായപ്പെട്ടത്. തുടര്ന്ന് മെസിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു താരം.
കരിയറില് അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്ബോളിലും കൂടുതല് സ്‌കോര് ചെയ്തത് മെസിയാണെന്നും അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര് മെസിയടെ ഫാന് ആയി മാറുമെന്നും ബെല്ലിങ്ഹാം പറഞ്ഞു. ഓരോ തവണ താരത്തിന്റെ പ്രകടനം കാണുമ്പോഴും അതില് എന്തെങ്കിലുമൊക്കെ പ്രത്യേകതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മെസിയാണ് എന്റെ ഇഷ്ടതാരം. നിങ്ങള് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആലോചിച്ച് നോക്കൂ. എത്ര നന്നായിട്ടാണ് മെസി കളത്തില് നില്ക്കുന്നതെന്ന്. ഓരോ തവണ ഞാന് അദ്ദേഹത്തിന്റെ കളി കാണുമ്പോഴും എന്തെങ്കിലുമൊക്കെ പ്രത്യേകത അതിനുണ്ടാകും. അപ്പോള് ഞാന് കരുതും അദ്ദേഹമൊരു സാധാരണ മനുഷ്യനല്ലെന്ന്,’ ബെല്ലിങ്ഹാം പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് റൊണാള്ഡോ യൂറോപ്യന് അധ്യായങ്ങള്ക്ക് വിരാമമിട്ട് സൗദി അറേബ്യന് ക്ലബ്ബായ അല് നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര് യുണൈറ്റഡില് സംഘര്ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില് ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.
രണ്ട് വര്ഷത്തെ കരാറില് 200 മില്യണ് യൂറോ വേതനം നല്കിയാണ് അല് നസര് താരത്തെ സൈന് ചെയ്യിച്ചത്. സൗദി പ്രോ ലീഗില് അല് നസറിനെ മുന് പന്തിയില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്മാര്ക്ക് ലഭിക്കുന്നതില് ഏറ്റവും ഉയര്ന്ന മൂല്യം നല്കി താരത്തെ അല് നസര് സ്വന്തമാക്കിയത്.
ഇന്റര് മയാമിയിലെത്തിയതിന് ശേഷം തകര്പ്പന് പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില് നാഷ്വില്ലിനെ തകര്ത്ത് ഇന്റര് മയാമി കിരീടമുയര്ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില് തുടര്ന്നതോടെ പെനാല്ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്ത്തിയത്. യു.എസ് ഓപ്പണ് കപ്പ് സെമി ഫൈനലില് നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര് മയാമിയെ ജയത്തിലേക്ക് നയിക്കാന് മെസിക്ക് സാധിച്ചിരുന്നു.
Content Highlights: Jude Bellingham chooses Messi over Cristiano in GOAT debate