football news
ബെന്‍സെമ പോയാലെന്താ; പകരമൊരു സൂപ്പര്‍താരത്തെ റാഞ്ചി റയല്‍ മാഡ്രിഡ്; ആറ് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 14, 11:11 am
Wednesday, 14th June 2023, 4:41 pm

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ 19കാരനായ ഇംഗ്ലീഷ് മിഡ് ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാമുമായി കരാറിലെത്തി റയല്‍ മാഡ്രിഡ്. 103 ദശലക്ഷം യൂറോ നല്‍കിയാണ് താരത്തെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ടീമിലെത്തിച്ചതെന്ന് റയല്‍ മാഡ്രിഡ് സ്ഥിരീകരിച്ചു.

ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ താരത്തിന്റെ നിലവിലെ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്ഥിരീകരിച്ചു. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.

 

‘റയല്‍ മാഡ്രിഡ് ക്ലബ്ബും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ജൂഡ് ബെല്ലിങ്ഹാമിന്റെ കൈമാറ്റം സംബന്ധിച്ച് തീരുമാനമെടുത്തു. യുവതാരം അടുത്ത ആറ് സീസണുകളില്‍ റയല്‍ മാഡ്രിഡില്‍ കളിക്കും’ റയല്‍ ഔദ്യോഗിക പ്രസ്ഥാവനയിറക്കി.

ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.

ബെല്ലിങ്ഹാമിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും താരം റയല്‍ മാഡ്രിഡില്‍ തന്നെ കളിക്കാനായിരുന്നു കൂടുതല്‍ താല്‍പര്യം. താരത്തിന്റെ മാനേജര്‍മാര്‍ മാഡ്രിഡില്‍ താമസ സൗകര്യം നോക്കുന്നുണ്ടെന്നും ഡെയ് ലി മെയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ആറ് വര്‍ഷത്തെ കരാര്‍ നല്‍കി ജൂഡിനെ ടീമിലെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 2020ല്‍ പതിനാറാമത്തെ വയസിലാണ് ബെല്ലിങ്ഹാം സ്വദേശമായ ബര്‍മിങ്ഹാമില്‍ നിന്ന് ജര്‍മനിയിലേക്ക് പോയത്.

ബൊറൂസിയക്കൊപ്പം കഴിഞ്ഞ മൂന്ന് സീസണുകളിലായി 132 മത്സരങ്ങള്‍ കളിച്ച ബെല്ലിങ്ഹാം 24 ഗോളുകള്‍ നേടി. 12 വര്‍ഷത്തിന് ശേഷം ബൊറൂസിയയെ ബുണ്ടസ് ലിഗ ജേതാക്കളാക്കുന്നതിന് തൊട്ടടുത്ത് വരെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന മത്സരത്തില്‍ കളിക്കാന്‍ ജൂഡിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ടീം സമനില വഴങ്ങി കിരീടം അടിയറവെക്കുകയും ചെയ്തിരുന്നു.

Content Highlights: jude bellingham agrees to real madrid on 109 million