Movie Day
'ഒരു കുടുംബത്തില്‍ സണ്ണി ലിയോണ്‍ വരുത്തിവച്ച വിന, ചെറുപ്പക്കാര്‍ ഇരുന്നു തരും'; പള്ളി പ്രഭാഷണത്തിന് വിഷയം തിരയുന്ന കുത്തിത്തിരിപ്പച്ചന്‍
ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ വെബ് സീരീസാണ് മാസ്റ്റര്‍പീസ്. വിവിധ ലെയറുകളില്‍ ചര്‍ച്ചയാകുന്ന സീരീസ് ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടും മേക്കിങ് കൊണ്ടും സമ്പന്നമാണ് മാസ്റ്റര്‍പീസ്. സീരീസില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മനസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നിടത്ത് തന്നെയാണ് സീരീസ് വിജയിക്കുന്നത്.
മാലാ പാര്‍വതി, രണ്‍ജി പണിക്കര്‍, അശോകന്‍, ശാന്തീകൃഷ്ണ, നിത്യാ മേനോന്‍, ഷറഫുദ്ദീന്‍, ജൂഡ് ആന്റണി തുടങ്ങി പത്തോളം കഥാപാത്രങ്ങള്‍ വന്നുപോകുന്ന വെബ് സീരീസില്‍ ഓരോരുത്തരും പ്രകടനത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് ജൂഡ് ആന്റണി അവതരിപ്പിച്ച ഫാ. സേവറിയാസ് പള്ളിപ്ലാക്കന്റെ കഥാപാത്രം.
കത്തിയച്ചന്‍ എന്നാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്. അച്ചന്റെ പള്ളിപ്രസംഗം കേള്‍ക്കുന്ന ഇടവകക്കാര്‍ പറയുന്നത് കര്‍ത്താവിന്റെ സഹനമൊന്നും ഒരു സഹനമല്ലെന്നാണ്.
ആനിയമ്മ(മാലാ പാര്‍വതി)യുടെ സഹോദരന്‍ കൂടിയായ അച്ചനില്‍ നിന്നാണ് മാസ്റ്റര്‍പീസിന്റെ പ്ലോട്ട് യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്. റിയയും(നിത്യാ മേനോന്‍) ബിനോയിയും (ഷറഫുദ്ദീന്‍) തമ്മിലുള്ള തര്‍ക്കം അവര്‍ പോലുമറിയാതെ ഒരു കോളിലൂടെ അറിയുന്ന അച്ചന്‍ ഇക്കാര്യം ഇരുവരുടേയും വീട്ടുകാരെ അറിയിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഇതോടെ മക്കളുടെ കുടുംബജീവിതത്തിലെ ‘ പ്രശ്നങ്ങള്‍’ പരിഹരിക്കാനായി ഇരുവീട്ടുകാരും ഇറങ്ങിത്തിരിക്കുകയാണ്.
ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്ന് പറഞ്ഞ് സഹോദരി ആനിയമ്മയെ ഉപദേശിക്കുന്ന അച്ചന്‍ പക്ഷേ ഒട്ടും ക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്ത ആളാണെന്ന് ആദ്യ സീനില്‍ തന്നെ വ്യക്തമാണ്.
ആങ്ങളയെന്ന നിലയില്‍ തനിക്ക് ഇത് കുടുംബപ്രശ്നമാണെന്നും അച്ചന്‍ എന്ന നിലയില്‍ നോക്കിയാല്‍ ഇത് സഭാ പ്രശ്നമാണെന്നും ഒരു സീനില്‍ അച്ചന്‍ പറയുന്നുണ്ട്.
ആര് എന്ത് ചെയ്താലും സമാധാനത്തിന്റെ ഭാഷയിലായിരിക്കണം നമ്മുടെ പ്രതികരണമെന്നും അതിപ്പോള്‍ അക്രമമായാലും സമാധാനത്തിലായിരിക്കണമെന്ന അച്ചന്റെ സംഭാഷണം ചിരിയ്ക്ക് വഴിയൊരുക്കുന്നതാണ്.
ആട്ടിന്‍ സൂപ്പിനും ക്ഷമയ്ക്കും ഒരേ ഗുണമാണെന്നും ചേച്ചിക്ക് ഇല്ലാത്തതും ക്ഷമയാണെന്ന് പറയുന്ന അച്ചന്‍ പക്ഷേ, ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ ഫ്രൈ എത്താന്‍ വൈകിയതിനും ടിവി ശബ്ദത്തില്‍ വെച്ചതിനും ഭാര്യയോടും മകളോടും ക്ഷോഭിക്കുന്ന ആളാണ്.
തൊണ്ടിമുതല്‍ കണ്ടുപിടിക്കാന്‍ പെങ്ങളെ ഉപദേശിച്ച് വിടുന്ന അച്ചനാണ് റിയയ്ക്കും ബിനോയിക്കുമിടയിലുള്ള പ്രശ്നം യഥാര്‍ത്ഥത്തില്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. ഇരുവരും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഓഡിയോ ക്ലിപ്പ് പരസ്യമാക്കാന്‍ പെങ്ങളെ ഉപദേശിക്കാനും അച്ചന്‍ മറക്കുന്നില്ല.
റിയയുടേയും ബിനോയിയുടേയും വീട്ടില്‍ കര്‍ത്താവിന്റെ ഒറ്റപടമില്ലെന്നും വഷളന്‍ ചിരിയുള്ള ഒരു വൃത്തികെട്ട സ്ത്രീയുടെ പടമാണെന്നുമാണ് മൊണാലിസയുടെ ചിത്രത്തെ കുറിച്ച് ആനിയമ്മ അച്ചനോട് പറയുന്നത്.
ഇതോടെ വല്ല സണ്ണി ലിയോണിന്റെയോ മറ്റോ പടമാണോ എന്നാണ് ഉടനടിയുള്ള അച്ചന്റെ ചോദ്യം. ‘ ഒരു കുടുംബത്തില്‍ സണ്ണി ലിയോണ്‍ വരുത്തിവച്ച വിനയെ കുറിച്ച് സംസാരിക്കാമെന്നും ചെറുപ്പക്കാര്‍ ഇരുന്നു തരുമെന്നും പറയുന്ന ഡയലോഗിലൂടെ ഫാദര്‍ സേവറിയാസ് പള്ളിപ്ലാക്കനെ പോലുള്ള ചിലരെ പ്രേക്ഷകന് മുന്‍പില്‍ തുറന്നു കാണിക്കുകയാണ് സംവിധായകന്‍.
ഒരു പ്രശ്‌നം അറിയുമ്പോഴേക്ക് അതില്‍ ഒരു കുടുംബപ്രശ്‌നമുണ്ടെന്നും ഒരു ഞായറാഴ്ച പ്രസംഗത്തിനുള്ള വകുപ്പ് അതിലുണ്ടെന്നും അച്ചന്‍ ഉറപ്പിക്കുന്നുണ്ട്. സമീപകാലത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്ന സംഭവങ്ങളിലെല്ലാം മതപ്രസംഗത്തിന് വിഷയം തിരയുന്ന വിവിധ മത പ്രഭാഷകരെ കുറിച്ച് ജയ ജയ ജയ ജയഹേയിലും അനക്കെന്തിന്റെ കേടാ എന്നീ സിനിമകളിലും ചര്‍ച്ച ചെയ്യുന്നുണ്ട്.
മകന്റെ ഭാര്യയ്ക്ക് കുഞ്ഞുണ്ടാകാത്തത് നമ്മുടെ തുറുപ്പുചീട്ടാണെന്നും വിട്ടുകൊടുക്കരുതെന്നും പറഞ്ഞ് ആനിയമ്മയെ മൂപ്പിക്കുന്ന അച്ചനോട് കുടുംബംകലക്കരുതെന്ന് ഒരു ഘട്ടത്തില്‍ ബിനോയിയുടെ കഥാപാത്രം തന്നെ പറയുന്നുണ്ട്.
ക്ലൈമാക്സിനോടടുക്കുന്ന രംഗത്തില്‍ ആനിയമ്മയുടേയും അച്ചന്റേയും മനസിലിരിപ്പ് എല്ലാവര്‍ക്കും മുന്‍പില്‍ വെളിവാകുന്ന ഒരു രംഗമുണ്ട്. ദൈവം നമുക്കൊപ്പമാണെന്നും ഇനിയൊന്നും നോക്കേണ്ടെന്നും ആക്രമണം അഴിച്ചുവിട്ടോളാനുമാണ് അച്ചന്റെ കഥാപാത്രം ആനിയമ്മയെ ഉപദേശിക്കുന്നത്. അപ്പോഴും ക്ഷമ കൈവിടരുതെന്നും ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന ഉപദേശം അച്ചന്‍ നല്‍കുന്നുണ്ട്.
അവസാന രംഗങ്ങളില്‍ അച്ചനെ വിളിച്ച് ക്ഷോഭിക്കുന്ന ചാണ്ടിച്ചന്റെ രംഗം ഏറെ ശ്രദ്ധേയമാണ്. കുടുംബം കലക്കാനല്ലാതെ വേറെ ഒരു പണിയുമില്ലേ നിനക്ക് എന്നാണ് അച്ചനോട് ചാണ്ടിച്ചന്‍ ചോദിക്കുന്നത്.
കത്തിയച്ചനല്ല, കൊടുവാളച്ചനാണ് നിങ്ങളെന്നും അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് കോണ്ടസയിലും ബെന്‍സിലും കയറി നടന്നാല്‍ പോരെന്നും താഴോട്ട് ഇറങ്ങി ചുറ്റുമുള്ളവരുടെ ജീവിതം കാണണമെന്നും അല്ലാതെ നിന്നെ പോലുള്ള അച്ചന്‍മാര്‍ക്ക് ഇല്ലാത്ത അനുകമ്പയും കരുണയും പ്രസംഗിച്ചു നടന്നാല്‍ പോരെന്നും ചാണ്ടിച്ചന്‍ പറയുന്നുണ്ട്.
പണ്ട് കര്‍ത്താവ് ചെയ്തപോലെ തന്നെയൊക്കെ ചാട്ടവാറുപയോഗിച്ച് അടിച്ചിറക്കുമെന്നും കുത്തിത്തിരിപ്പ് അവസാനിപ്പിച്ച് ബൈബില്‍ എടുത്തുവെച്ച് പുറംപുറമായി വായിച്ച് പഠിക്കാന്‍ ഉപദേശിച്ചാണ് ചാണ്ടിച്ചന്‍ കോള്‍ അവസാനിപ്പിക്കുന്നത്.
മാസ്റ്റര്‍പീസിലെ ഫാ. സേവറിയാസ് പള്ളിപ്ലാക്കന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ജൂഡിനും സാധിച്ചിട്ടുണ്ട്.
Content Highlight: Jude Antony Character analysis On Masterpiece Webseries