Entertainment news
ഉഗ്രന്‍ ആള് വേണമെന്ന് ഞാന്‍ പറഞ്ഞു; ടൊവിനോ അവന്റെ പേര് നിര്‍ദേശിച്ചു: ജൂഡ് ആന്തണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 29, 06:24 pm
Monday, 29th May 2023, 11:54 pm

2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 എന്ന സിനിമ ഹൗസ് ഫുളായി ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുന്നു. സിനിമയിലെ എഡിറ്റിങ്ങിനെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

കള സിനിമയില്‍ എഡിറ്ററായ ചമന്‍ ചാക്കോയാണ് സിനിമയില്‍ എഡിറ്റിംഗ് നിര്‍വഹിച്ചത്. ടൊവിനോയാണ് തനിക്ക് ചമനെ നിര്‍ദേശിച്ചതെന്ന് ജൂഡ് ആന്തണി പറഞ്ഞു. സൈജു ശ്രീധറിനെപ്പോലെയൊക്കെ കഴിവുള്ളവനാണെന്നും ഭാവിയില്‍ വലിയ സംഭവമാകുമെന്നും ടൊവിനോ പറഞ്ഞതായും ജൂഡ് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ചമന്‍ ചാക്കോവിന്റെ പേര് ടൊവിനോയാണ് പറഞ്ഞ് തന്നത്. ഞാനിങ്ങനെ ഒരു ഉഗ്രന്‍ ആള് വേണമെന്ന് പറഞ്ഞപ്പോള്‍ ടൊവി പറഞ്ഞു ചേട്ടാ സൈജു ശ്രീധറിനെപ്പോലെയൊക്കെ കഴിവുള്ളവനാണ്, ഭാവിയില്‍ വലിയ സംഭവമാകുമെന്ന്.

അവന്‍ കളയിലുണ്ടായിരുന്നു. കള എഡിറ്റ് ചെയ്തത് അവനാണ്. അവന്റെയൊക്കെ സംഭാവനകള്‍ അധികമാണ്. ചമന്റെ എഡിറ്റിങ്ങാണ് സിനിമ ഇത്ര ഭംഗിയാകാന്‍ കാരണം. ചമന്‍ ഉഗ്രനാണ്. അടിപൊളി കക്ഷിയാണ്, ജൂഡ് പറഞ്ഞു.

നേരത്തെ സിനിമയ്ക്ക് വേണ്ടി 15 ദിവസം ഷൂട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമയില്‍ ആ സീനുകള്‍ ഉപയോഗിച്ചില്ലെന്നും ജൂഡ് പറഞ്ഞു.

‘സിനിമയില്‍ ബൈ സീനടക്കം 132 സീനുകളുണ്ട്. ബൈ സീനില്ലെങ്കില്‍ ഒരു 95 സീനുകളുണ്ടാകും. 2022 മെയ് 27ന് രാവിലെ പത്തരയ്ക്കാണ് ഷൂട്ട് തുടങ്ങുന്നത്. റെയ്ന്‍കാര്‍ അന്ന് വരാന്‍ ഇത്തിരി ലേറ്റായി. വേറെ ഏതോ പടത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അവര്‍ വന്നത്. അവര്‍ വരാന്‍ ലേറ്റായത് കൊണ്ടാണ് കുറച്ചൊന്ന് ലേറ്റായത്.

2019ല്‍ ഒരു 13 ദിവസം ഷൂട്ട് ചെയ്തു. പക്ഷേ അതൊന്നും പടത്തിലില്ല. കാരണം ആ കഥയൊക്കെ മൊത്തം മാറി. എല്ലാവരുടെയും കണ്‍ഡിന്യൂയിറ്റി മാറി. കഥാപാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി.

അന്ന് ഒരു വിഷ്വലും എടുത്ത് വെച്ചിട്ടുള്ള. 2022ല്‍ ആഗസ്റ്റില്‍ ആലുവ പുഴയില്‍ വെള്ളം കയറിയപ്പോള്‍ എടുത്തതാണ് ആ (സിനിമയില്‍ കാണുന്ന) സീനുകള്‍.

104 ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്. കൊല്ലം, ആലപ്പുഴ, ഇരിങ്ങാലക്കുട, ആലുവ, എറണാകുളം, പനമ്പിള്ളി നഗര്‍, തിരുനെല്‍വേലി തുടങ്ങിയ ഒരുപാട് സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

CONTENT HIGHLIGHT: JUDE ANTHONY ABOUT EDITOR IN 2018