മമ്മൂക്ക സ്‌നേഹം കൊണ്ട് പറഞ്ഞതാണ്, മുടിയും ബുദ്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല: ജൂഡ് ആന്തണി ജോസഫ്
Entertainment
മമ്മൂക്ക സ്‌നേഹം കൊണ്ട് പറഞ്ഞതാണ്, മുടിയും ബുദ്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th May 2023, 9:58 am

ജൂഡ് ആന്തണിയുടെ തലയില്‍ മുടി കുറവാണെന്നേ ഉള്ളൂ ബുദ്ധിയുണ്ടെന്ന് മമ്മൂട്ടി ഒരു പൊതു പരിപാടിക്കിടെ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയതാണെന്നും ജൂഡ് ആന്തണിയെ പരസ്യമായി അപമാനിക്കുകയായിരുന്നെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ജൂഡ്.

മമ്മൂക്ക ഇത് സ്‌നേഹം കൊണ്ട് പറഞ്ഞതാണെന്നും മുടിയും ബുദ്ധിയും തമ്മില്‍ ബന്ധമില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. താനുമായി വളരെയടുപ്പമുള്ളയാളാണ് മമ്മൂക്കയെന്നും കഴിഞ്ഞ ദിവസം മെസേജ് അയച്ച് പടം ഉടന്‍ കാണുമെന്ന് തന്നെ അറിയിച്ചിരുന്നെന്നും ജൂഡ് പറഞ്ഞു. 2018 എന്ന സിനിമയുടെ തിയേറ്റര്‍ എക്‌സ്പിരിയന്‍സ് എടുക്കാനെത്തിയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജൂഡ് ഇക്കാര്യം പങ്കുവെച്ചത്.

‘മമ്മൂക്ക അന്ന് ടീസര്‍ കണ്ട് പറഞ്ഞതാണ്. മുടി വെക്കാന്‍ പ്ലാനുണ്ടെനിക്ക്. പക്ഷെ അത് വെക്കുമ്പോള്‍ പണിയാകുമോ എന്ന് പേടിച്ചാണ് സത്യം പറഞ്ഞാല്‍ ചെയ്യാത്തത്. മുടി വെക്കണമെന്ന് ആഗ്രഹമൊന്നുമില്ല, അഭിനയിക്കാന്‍ എളുപ്പമാണല്ലോ എന്ന് വെച്ച് ചെയ്യുന്നതാണ്. മുടി ഞാന്‍ ഉറപ്പായിട്ടും വെക്കും.

മുടിയും ബുദ്ധിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മമ്മൂക്ക സ്‌നേഹം കൊണ്ട് പറഞ്ഞതാണ്. മമ്മൂക്ക ഇന്നലെയും കൂടി മെസേജ് ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പടം കാണുമെന്ന് പറഞ്ഞു. മമ്മൂക്കയായിട്ട് ഞാന്‍ നല്ല ബന്ധമാണ്. അദ്ദേഹം സ്‌നേഹം കൊണ്ട് പറയുന്നതാണ്,’ ജൂഡ് ആന്തണി പറഞ്ഞു.

അതേസമയം, പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018 എവരിവണ്‍ ഈസ് എ ഹീറോ. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയം സിനിമയായി വരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കാത്തിരിപ്പുകള്‍ക്ക് ശേഷം മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

2023ലെ ഏറ്റവും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സാണ് 2018 എന്നാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയ പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. ചിത്രത്തിന്റെ ബി.ജി.എമ്മുകളെല്ലാം മികച്ചതായിരുന്നുവെന്നും ഫീല്‍ഗുഡ് റൊമാന്റിക് സിനിമകള്‍ എടുത്തുകൊണ്ടിരുന്ന ജൂഡ് ആന്തണിയില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.

Content Highlights: Jude Anthany Joseph reacts on Mammooty’s comment