തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍.ടി.ആര്‍. താരകുടുംബത്തില്‍ വന്ന നടനെ ആരാധകര്‍ സ്‌നേഹത്തോടെ താരക് എന്നാണ് വിളിക്കുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ താരക് രാജമൗലി സംവിധാനം ചെയ്ത സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. വളരെ പെട്ടെന്ന് തെലുങ്കിലെ മുന്‍നിര് സ്റ്റാറുകളില്‍ ഒരാളായി മാറിയ താരക് രാജമൗലിയുടെ ആര്‍.ആര്‍.ആറിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടി. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവരയാണ് താരത്തിന്റെ പുതിയ ചിത്രം.
സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധിനെക്കുറിച്ച് താരക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അനിരുദ്ധ് ഈണം നല്‍കിയ ദേവരയിലെ പാട്ടുകളെല്ലാം ഇതിനോടകം ചാര്‍ട്ബസ്‌റ്റേഴ്‌സായി മാറിക്കഴിഞ്ഞു. നോര്‍ത്ത് ഇന്ത്യ എന്നോ സൗത്ത് ഇന്ത്യയെന്നോ വ്യത്യാസമില്ലാതെയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളവര്‍ സിനിമകളെ സ്വീകരിക്കുന്നതെന്ന് താരക് പറഞ്ഞു. അതിനോടൊപ്പം സിനിമകളിലെ സംഗീതവും ഭാഷതിര്‍ത്തികള്‍ കടന്ന് ആഘോഷിക്കപ്പെടുന്നണ്ടെന്നും താരക് കൂട്ടിച്ചേര്‍ത്തു.
അനിരുദ്ധ് ഇന്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന സംഗീതസംവിധായകനാണെന്നും ഇപ്പോഴുള്ളത് ‘അനിരുദ്ധ് എറ’യാണെന്നും താരക് പറഞ്ഞു. അയാള്‍ സിനിമയെ മനസിലാക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും ദേവരക്ക് വേണ്ടി അയാള്‍ തയാറാക്കിയത് ഇന്റര്‍നാഷണല്‍ ലെവലില്‍ ഉള്ളതാണെന്നും താരക് കൂട്ടിച്ചേര്‍ത്തു. ഡിസ്‌നി സിംഫണി പോലെ തോന്നിക്കുന്ന സംഗീതമാണ് അനിരുദ്ധ് തയാറാക്കുന്നതെന്നും താരക് പറഞ്ഞു. ദേവരയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരക് ഇക്കാര്യം പറഞ്ഞത്.
‘ആളുകള്‍ ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ സൗത്ത് ഇന്ത്യന്‍ എന്ന വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്വീകരിക്കുന്നത്. നല്ല സിനിമകള്‍ ഏത് ഭാഷയിലുള്ളതാണെങ്കിലും ആളുകള്‍ അത് ആസ്വദിക്കും. പാട്ടുകളുടെ കാര്യത്തിലും ഇതേ സംഗതിയാണ് നടക്കുന്നത്. അതില്‍ തന്നെ അനിരുദ്ധ് എന്ന മ്യൂസിക് ഡയറക്ടറുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
ഇന്ത്യ മുഴുവന്‍ അയാളുടെ സംഗീതത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അയാള്‍ സിനിമയെ മനസിലാക്കുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണ്. അത് ഒരു പ്രത്യേക കലയാണെന്ന് നമുക്ക് ചിലപ്പോള്‍ തോന്നും. ദേവരക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയത് ഇന്റര്‍നാഷണല്‍ ലെവലിലുള്ള സംഗീതമാണ്. വാള്‍ട്ട് ഡിസ്‌നിയുടെ സിംഫണിയൊക്കെ പോലെയാണ് തോന്നുന്നത്,’ താരക് പറഞ്ഞു.