മലപ്പുറം: രാജ്യദ്രോഹ വകുപ്പ് പുനപരിശോധിക്കുന്നത് വരെ സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്.
രാജ്യദ്രോഹ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള കോടതി ഇടപെടലില്‍ സന്തോഷമുണ്ടെന്നായിരുന്നു റൈഹാനത്തിന്റെ പ്രതികരണം.
യു.എ.പി.എ കേസുകള്‍ കൂടി ഇത്തരത്തില്‍ പുനപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിക്കുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലെ ജയിലിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍. യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പുറമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.
യു.പിയിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സമയത്തായിരുന്നു യു.പി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.
4000ത്തോളം പേജുകളുള്ള കുറ്റപത്രമാണ് സിദ്ദിഖിനെതിരെ പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്.
സിദ്ദിഖ് കാപ്പന്റെ കേസ് അടുത്ത വെള്ളിയാഴ്ച അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പരിഗണിക്കും.
അല്‍പസമയം മുമ്പായിരുന്നു രാജ്യദ്രോഹ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ വിധി വന്നത്.
രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നും ഈ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
രാജ്യദ്രോഹക്കുറ്റം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
നിലവിലുള്ള കേസുകളിലും വരാനിരിക്കുന്ന കേസുകളിലും സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ചും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിലപാട് വ്യക്തമാക്കാന്‍ ഒരു ദിവസം സമയവും കോടതി നല്‍കിയിരുന്നു.
എന്നാല്‍ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ജയിലിലുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച് ഉടനെ വാദം കേള്‍ക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇതോടെ സംസ്ഥാനങ്ങളും കേന്ദ്രവും 124എ പ്രകാരമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കിയ 124എ വകുപ്പ് റദ്ദാക്കരുതെന്നും എന്നാല്‍ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷാ വ്യവസ്ഥകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറണോ എന്നതില്‍ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം.
Content Highlight: Journalist Siddique Kappan’s wife’s reaction on Supreme Court verdict related to sedition charge