ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് ഇ.ഡിയെ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; റാണ അയ്യൂബ്
national news
ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് ഇ.ഡിയെ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; റാണ അയ്യൂബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 8:04 am

ന്യൂദല്‍ഹി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം മനപൂര്‍വം കെട്ടിച്ചമച്ചതാണെന്നും ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്നും മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്.

ബി.ജെ.പിക്കെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടുമാത്രമാണ് അവര്‍ ഇ.ഡിയെ ഉപയോഗിച്ച് ഇപ്രകാരം ആരോപണമുന്നയിക്കുന്നതെന്നും, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും റാണ അയ്യൂബ് വ്യക്തമാക്കി.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റാണ അയ്യൂബിന്റെയും കുടുംബത്തിന്റെയും പേരിലുള്ള നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി അറ്റാച്ച് ചെയ്തതായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് റാണ അയ്യൂബ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘കെറ്റൊയുടെ പ്രവര്‍ത്തനങ്ങള്‍ പ്രകാരം, ധനസമാഹര ക്യാമ്പെയ്‌നിന്റെ ഭാഗമാവുന്നവര്‍ കെറ്റോയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. പ്രൊസസിംഗ് ചാര്‍ജ് ഈടാക്കിയതിന് ശേഷം അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബാങ്കുകളിലേക്ക് കൈമാറും. ഇതിന് ശേഷം കെറ്റൊയുടെ പേരിലുള്ള എല്ലാ തുകയും എന്റെ അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്,’ റാണ അയ്യൂബ് പറയുന്നു.

Ketto.org

തനിക്കോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിച്ച രണ്ട് അക്കൗണ്ടുകളിലേക്കോ ഒരു വിദേശ നിക്ഷേപവും വന്നിട്ടില്ലെന്നും, എല്ലാം കെറ്റൊയുടെ അക്കൗണ്ടിലേക്കാണ് വന്നതെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ കറന്‍സിയില്‍ മാത്രമാണ് സംഭാവനകള്‍ സ്വീകരിക്കാറുള്ളതെന്നും വിദേശ കറന്‍സികള്‍ ദാതാവിന് തിരികെ നല്‍കാറാണ് പതിവെന്നും റാണ അയ്യൂബ് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ദല്‍ഹിയിലെത്തി ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും സമര്‍പ്പിച്ചതാണെന്നും, എന്നാല്‍ തന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ലഭിക്കുന്ന വകരുമാനത്തെ കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നതെന്നും റാണ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു ഐ.ടി സെല്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകന്‍ വികാസ് സംകൃത്യായന്റെ പരാതിയില്‍ റാണ അയ്യൂബിനെതിരെ കേസെടുത്തിരുന്നത്.

സ്വകാര്യ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ബാക്കി തുക ബാങ്ക് നിക്ഷേപമായും അറ്റാച്ച് ചെയ്യാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

റാണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മൊത്തം 1,77,27,704 രൂപയുടെ നിക്ഷേപങ്ങളാണ് ഇ.ഡി അറ്റാച്ച് ചെയ്തിട്ടുള്ളത്.

Did not use public funds for self: Rana Ayyub after ED attachment | India News,The Indian Express

കെറ്റൊ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി റാണാ അയ്യൂബ് സ്വരൂപിച്ച 2.69 കോടിയിലധികം രൂപയുടെ ഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

കെറ്റൊ വഴി ലഭിച്ച മുഴുവന്‍ സംഭാവനയിലെ ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് റാണ നേരത്തെ വ്യക്തമാക്കിയിരുന്നു.

എഫ്.ഐ.ആര്‍ പ്രകാരം മൂന്ന് ക്യാമ്പെയ്‌നുകളുടെ ഭാഗമായാണ് ഫണ്ട് സമാഹരിച്ചത്. ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട് 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍, 2020 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, കൂടാതെ 2021 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ കൊവിഡ്-19 ബാധിച്ച ആളുകള്‍ക്കുള്ള സഹായത്തിനും വേണ്ടിയാണ് പണം സ്വരൂപിച്ചത്.

കെറ്റോയിലൂടെ സമാഹരിച്ച 2,69,44,680 രൂപ റാണാ അയ്യൂബ് സഹോദരിയുടെയും പിതാവിന്റെയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായും എഫ്.ഐ.ആറില്‍ ആരോപിക്കുന്നുണ്ട്.

72,01,786 രൂപ റാണാ അയ്യൂബിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലും 37,15,072 രൂപ സഹോദരി ഇഫ്ഫത്ത് ഷെയ്ഖിന്റെ അക്കൗണ്ടിലും 1,60,27,822 രൂപ പിതാവ് മുഹമ്മദ് അയ്യൂബ് വാഖിഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെയുമാണ് പിന്‍വലിച്ചത്.

അതില്‍ 31,16,770 രൂപയുടെ രേഖകള്‍ റാണാ ഇ.ഡിക്ക് സമര്‍പ്പിച്ചെങ്കിലും ക്ലെയിം ചെയ്ത ചെലവുകള്‍ പരിശോധിച്ച ശേഷം, യഥാര്‍ത്ഥ ചെലവ് 17,66,970 രൂപയാണെന്ന് ഏജന്‍സി കണ്ടെത്തുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചില സ്ഥാപനങ്ങളുടെ പേരില്‍ റാണ അയ്യൂബ് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയതായും വിമാനമാര്‍ഗ്ഗം വ്യക്തിഗത യാത്രയ്ക്കായി നടത്തിയ ചെലവുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകളുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ഇ.ഡി ആരോപിക്കുന്നുണ്ട്.

പൂര്‍ണമായും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചാരിറ്റിയുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചതെന്നും പണം സമാഹരിച്ച ആവശ്യത്തിനായി അത് പൂര്‍ണമായും വിനിയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ഇ.ഡി പറഞ്ഞു.

Content Highlight: Journalist Rana Ayyub Replies After 1.77 Crores Locked Up By Probe Agency