'ബി.ജെ.പിയില്‍ നിന്ന് മറ്റൊരു നേതാവ് പ്രധാനമന്ത്രിയാകുന്നത് മോദിക്ക് സഹിക്കാനാകില്ല': നികേഷ് കുമാര്‍
national news
'ബി.ജെ.പിയില്‍ നിന്ന് മറ്റൊരു നേതാവ് പ്രധാനമന്ത്രിയാകുന്നത് മോദിക്ക് സഹിക്കാനാകില്ല': നികേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 2:48 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍. ബി.ജെ.പിയില്‍ നിന്ന് മറ്റൊരു നേതാവ് പ്രധാനമന്ത്രിയാകുന്നത് നരേന്ദ്ര മോദിക്ക് സഹിക്കാനാകില്ലെന്ന് നികേഷ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ അജണ്ട മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആയിരിന്നിട്ടുകൂടി ഓരോ സംസ്ഥാനത്തും ബി.ജെ.പിക്ക് ഒരുകാലത്ത് ഉണ്ടായിരുന്നത് ജനകീയരായ നേതാക്കന്മാര്‍ ആയിരുന്നുവെന്ന് നികേഷ് പറയുന്നു. മറ്റൊരു സര്‍ക്കാര്‍ വരുന്നതിനേക്കാള്‍ മോദി ആശങ്കപ്പെടുന്നത് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ പ്രധാനമന്ത്രി ആകുമോയെന്നാണെന്നും നികേഷ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ നിന്ന് മറ്റൊരാള്‍ പ്രധാനമന്ത്രി ആകുക എന്നത് മോദിയെ സംബന്ധിച്ചിടത്തോളം സഹിക്കാനും പൊറുക്കാനും കഴിയാത്ത കാര്യമാണെന്നും നികേഷ് വിമര്‍ശിച്ചു.

ബി.ജെ.പിയില്‍ ജനകീയരായ നേതാക്കള്‍ ഉണ്ടെങ്കില്‍ പോലും അവരെല്ലാം മോദിയുടെ അടിമത്വ വ്യവസ്ഥയ്ക്ക് കീഴില്‍ നില്‍ക്കുന്നവരാണെന്നും നികേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം വ്യവസായികളായ അംബാനിയും അദാനിയും മനസിലാക്കിയെന്നും നികേഷ് പറഞ്ഞു.

നരേന്ദ്ര മോദിയെ കണിശമായും രൂക്ഷമായും പ്രതിരോധിക്കാന്‍ കഴിയുന്ന നേതാവാണ് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളെന്നും നികേഷ് പറയുന്നു. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയം എന്താണെന്ന് കൃത്യമായി തുറന്നുകാണിക്കാന്‍ കഴിയുന്ന നേതാവാണ് കെജ്രിവാളെന്നും നികേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Journalist Nikesh Kumar criticized Narendra Modi