ശ്രീറാമുമായി ബന്ധപ്പെട്ട തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു; മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത; കെ.എം. ബഷീറിന്റെ കുടുംബം ഹൈക്കോടതിയില്‍
Kerala News
ശ്രീറാമുമായി ബന്ധപ്പെട്ട തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു; മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത; കെ.എം. ബഷീറിന്റെ കുടുംബം ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 7:42 pm

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കെ.എം. ബഷീറിന്റെ സഹോദരന്‍ അബ്ദുറഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹരജിയിലുള്ളത്. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ഹരജിയില്‍ ഉന്നയിക്കുന്നു.

‘കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചു. പ്രോസിക്യൂഷന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നു.

യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല,’ തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയില്‍ പറയുന്നത്.

അതേസമയം, നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്ന് ശ്രീറാമിനെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം. റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.