Advertisement
DISCOURSE
സി. അനുപമ പറഞ്ഞത് സത്യമാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചു, 'യെസ്' എന്നായിരുന്നു എന്റെ മറുപടി | അഭിലാഷ് മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 14, 04:05 pm
Friday, 14th January 2022, 9:35 pm
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രതിഭാഗം നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. 2018ല്‍ റിപ്പോര്‍ട്ടര്‍ ചാനലിന് വേണ്ടി മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ സിസ്റ്റര്‍ അനുപമയുമായി നടത്തിയ അഭിമുഖമാണ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിടുന്നതില്‍ നിര്‍ണായകമായതെന്നായിരുന്നു ഈ പ്രസ്താവന. അഭിമുഖവുമായി ബന്ധപ്പെട്ട് താന്‍ കോടതിയില്‍ ഹാജരായ സാഹചര്യത്തെ കുറിച്ചും, അതിനെ വളച്ചൊടിച്ച് മാധ്യമങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിനോടും പ്രതികരിക്കുകയാണ് അഭിലാഷ് മോഹനന്‍. അതിജീവിച്ചവരുടെ പക്ഷത്ത് തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കേണ്ടതെന്നാണ് താന്‍ എപ്പോഴും കരുതുന്നതെന്നും അഭിലാഷ് ഡൂള്‍ന്യൂസിനോട് പറയുന്നു.

അഭിലാഷ് മോഹനന്‍

ഒരു മാധ്യമ അഭിമുഖത്തിന്റെ പേരില്‍ മാത്രം കോടതി ഏതെങ്കിലും കേസില്‍ ഒരു തീരുമാനമെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അന്നത്തെ അഭിമുഖത്തില്‍ സിസ്റ്റര്‍ അനുപമ വളരെ വ്യക്തമായി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അഭിമുഖങ്ങള്‍ പൊതുബോധ നിര്‍മ്മിതിയുടെ ഭാഗമായി വരാറുണ്ട്. അതാണ് ആ അഭിമുഖത്തിലും നടന്നത്.

അതിനുശേഷമാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണയുടെ ഘട്ടത്തില്‍ അഭിമുഖത്തിന്റെ ഒരു ഭാഗം പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിക്കുകയും അതില്‍ സി. അനുപമയെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്. ഞാനതിന് സാക്ഷിയല്ല, ഞാന്‍ മനസിലാക്കിയ കാര്യങ്ങളാണിത്. ആ സമയത്തെ സാഹചര്യങ്ങളുടെയും പ്രതിഭാഗത്തിന്റെ വാദങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി എനിക്ക് സമന്‍സ് അയച്ചു. തുടര്‍ന്ന് ഞാന്‍ കോട്ടയം വിചാരണ കോടതിയില്‍ ഹാജരായി.

ഈ അഭിമുഖം ജെനുവിനാണോ അതോ ഫാബ്രിക്കേറ്റഡ് ആണോ എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ജെനുവിനാണെന്ന് ഞാന്‍ മറുപടി നല്‍കി. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അഭിമുഖത്തില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലുകളോ നടന്നിട്ടുണ്ടെങ്കില്‍ അത് ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമാകും. അതിനേക്കാള്‍ കൂടുതലായൊന്നും കോടതിയില്‍ നടന്നിട്ടില്ല.

അഭിമുഖം ജെനുവിനാണോ എഡിറ്റിങ്ങ് നടന്നത് എങ്ങനെ എന്നീ കാര്യങ്ങള്‍ മാത്രമാണ് കോടതി എന്നോട് ചോദിച്ചത്. അതില്‍ മാത്രമാണ് ഞാന്‍ മറുപടി നല്‍കിയത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട ചോദ്യം വാദി ഭാഗം അഭിഭാഷകന്‍ അവസാനം ചോദിച്ചിരുന്നു. സി. അനുപമ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍, അതിന് ഞാന്‍ ‘യെസ്’ എന്ന് മറുപടി നല്‍കി. അതിനെ പ്രതിഭാഗം എതിര്‍ത്തു. അത്തരം തോന്നലുകള്‍ കോടതിയില്‍ പറയേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ജഡ്ജിയും അതിന് പ്രസക്തിയില്ലെന്നായിരുന്നു പറഞ്ഞത്.

ഇതില്‍ മനസിലാക്കേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, ഈ കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ഞാന്‍ കോടതിയില്‍ പറഞ്ഞത്. സി. അനുപമയുടെ അഭിമുഖം ജെനുവിനാണോ അല്ലയോ അതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതാണ് ഞാന്‍ അഭിമുഖീകരിച്ച ചോദ്യം. അതില്‍ ഞാന്‍ കൃത്യമായി മറുപടി നല്‍കി, അതവിടെ കഴിഞ്ഞു. ഇപ്പോള്‍ കേസില്‍ വിധി വരുന്ന സമയത്താണ് ആ അഭിമുഖമാണ് നിര്‍ണ്ണായകമായത് എന്ന പരാമര്‍ശം ഒരു ഭാഗത്തുനിന്നും വരുന്നത്.

അന്നത്തെ വിചാരണയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. കേസിന്റെ വിചാരണ കഴിഞ്ഞ് ഞാന്‍ മടങ്ങിയ ശേഷം സിസ്റ്റര്‍മാര്‍ക്ക് വേണ്ടി കേസ് നടത്തുന്നവരില്‍ പ്രധാനിയായ ഷൈജു ആന്റണി എന്നെ വിളിച്ചു. സിസ്റ്റര്‍മാര്‍ക്കൊപ്പം തുടക്കം മുതല്‍ നിന്നയാളായിരുന്നു ഷൈജു ആന്റണി. സഭയില്‍ തന്നെയുള്ള ചെറിയൊരു ന്യൂനപക്ഷമാണ് സിസ്റ്റര്‍മാര്‍ക്കൊപ്പം അന്ന് നിന്നിരുന്നത്. കോടതിയിലുണ്ടായ കാര്യങ്ങളൊക്കെ പ്രോസിക്യൂട്ടര്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നെന്നും അഭിലാഷ് വളരെ കൃത്യമായി തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്നത് സന്തോഷകരമാണെന്ന് അദ്ദേഹം അന്ന് എന്നോട് പറഞ്ഞു. തങ്ങള്‍ ഹാപ്പിയാണെന്നും അവര്‍ പറഞ്ഞു. അങ്ങനെയൊരു കാര്യത്തിനെയാണ് ഇപ്പോള്‍ ഈ രീതിയില്‍ ചിത്രീകരിക്കുന്നത്. എങ്ങനെയാണ് അത്തരം വാദങ്ങള്‍ വന്നതെന്ന് എനിക്ക് അറിയില്ല.

കോടതിയില്‍ ഉന്നയിച്ച അഭിമുഖമടക്കം ഞാന്‍ ആ സമയത്ത് ഈ വിഷയത്തില്‍ നടത്തിയ മുഴുവന്‍ അഭിമുഖങ്ങളും ചര്‍ച്ചകളും യൂട്യൂബില്‍ ലഭ്യമാണ്. ഇത്തരം പ്രശ്നങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും അതിജീവിച്ചവരുടെ പക്ഷത്താണല്ലോ നില്‍ക്കുക. നടിയെ ആക്രമിച്ച കേസായാലും ഫ്രാങ്കോ മുളക്കലിന്റെ കേസായാലും സൂര്യനെല്ലി കേസായാലും നമ്മള്‍ സര്‍വൈവറുടെ പക്ഷത്താണല്ലോ നില്‍ക്കുക.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങും മറ്റു കാര്യങ്ങളുമെല്ലാം പരിശോധിക്കാം. നിങ്ങള്‍ മാധ്യമങ്ങള്‍ തന്നെ കൊണ്ടുവന്ന ഒരു കാര്യം പൊളിഞ്ഞിരിക്കുന്നുവെന്നും ആ അഭിമുഖമാണ് എല്ലാ തുടങ്ങിവെച്ചതെന്നുമുള്ള രീതിയിലുള്ള ഒരു നരേറ്റീവുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ എന്തായാലും സത്യം ജനങ്ങളുടെ മുന്‍പിലുണ്ട്. പിന്നെ കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എനിക്കറിയില്ല. ഒരുപക്ഷെ മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ വേണ്ടിയായിരിക്കാം പ്രതിഭാഗം ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

പല കേസുകളെ സംബന്ധിച്ചും വ്യക്തിപരമായി വിഷമം തോന്നുന്ന വിധികളുണ്ടായിട്ടുണ്ട്. സൂര്യനെല്ലി കേസൊക്കെ ഉദാഹരണമാണ്. ഈ കേസില്‍ വെറുതെ വിട്ടു എന്ന വിധി ഷോക്കായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നല്ല, ഈ കേസ് ഫോളോ ചെയ്ത ആരിലും ഞെട്ടലുണ്ടാക്കുന്ന വിധിയാണ് ഇന്ന് വന്നത്.

കോടതി മുമ്പാകെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നത്. കോടതിക്ക് കോടതിയുടേതായ കാരണങ്ങളുണ്ടാകും. അത് എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പിന്നെ ഇത്തരം സംഭവങ്ങളില്‍ പ്രതി കുറ്റക്കാരനല്ലെന്ന വിധിയുണ്ടാകുമ്പോള്‍ തീര്‍ച്ചയായും ഏത് മനുഷ്യനെ പോലും എനിക്കും നിരാശയുണ്ടായിരുന്നു. വിധിയുടെ മറ്റു കാര്യങ്ങളോ വിശദാംശങ്ങളോ ഞാന്‍ പരിശോധിച്ചിട്ടില്ല. അതുകൊണ്ട് അതേ കുറിച്ച് കൂടുതല്‍ പറയാനാകില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Journalist Abhilash Mohanan about Franco Mulakkal  and Nun rape case