നായകനെ കുറിച്ചാണ് പ്രേം നസീറിന്റെ പ്രവചനമെന്ന് കരുതി, എന്നാൽ വില്ലനായ മോഹൻലാലിനെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്: ജോഷി
Entertainment
നായകനെ കുറിച്ചാണ് പ്രേം നസീറിന്റെ പ്രവചനമെന്ന് കരുതി, എന്നാൽ വില്ലനായ മോഹൻലാലിനെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 9:16 am

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. മോഹൻലാലിനെ കുറിച്ച് നിത്യഹരിത നായകൻ പ്രേം നസീർ നടത്തിയ ഒരു പ്രവചനത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മോഹൻലാലിനെ കാണുന്നതിന് മുമ്പ് ആദ്യമായി ലാലിനെ കുറിച്ച് കേൾക്കുകയാണ് ചെയ്യുന്നതെന്നും അത് പ്രേം നസീറിൽ നിന്നാണെന്നും ജോഷി പറയുന്നു. മോഹൻലാലിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോഴാണ് പ്രേം നസീർ മോഹൻലാലിനെ കുറിച്ച് പറഞ്ഞതെന്നും ജോഷി പറയുന്നു. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാലിനെ ഞാൻ ആദ്യം കാണുകയല്ല കേൾക്കുകയായിരുന്നു. പ്രേംനസീർ സാറാണ് ലാലിനെക്കുറിച്ച് പറഞ്ഞത്. അതും ഒരു സദസ്സിൽ വച്ച്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം നസീർ സാർ പറഞ്ഞു, അപ്പച്ചൻ്റെ പുതിയ സിനിമ വരുന്നുണ്ട്. എല്ലാവരും പുതുമുഖങ്ങളാണ്. അതിലൊരു നടനുണ്ട്. അവൻ മലയാള സിനിമയുടെ വാഗ്ദാനമാണ്.

ആ സിനിമയിൽ നായകനായി അഭിനയിച്ച ശങ്കറിനെയാവും അദ്ദേഹം ഉദ്ദേശിച്ചത് എന്നാണു ഞങ്ങൾ കരുതിയത്,’ജോഷി പറയുന്നു.

Content Highlight: Joshy Talk About  Prediction Of prem naseer And Mohanlal