സംരക്ഷണം കൊടുക്കേണ്ടത് മനുഷ്യര്‍ക്ക്; അരിക്കൊമ്പന്‍ പോലെ ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലണം: ജോസ് കെ. മാണി
Kerala News
സംരക്ഷണം കൊടുക്കേണ്ടത് മനുഷ്യര്‍ക്ക്; അരിക്കൊമ്പന്‍ പോലെ ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലണം: ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 5:51 pm

തിരുവനന്തപുരം: അരിക്കൊമ്പന്‍ പോലെയുള്ള വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് പുറത്തേക്കുവന്നാല്‍ വെടിവെച്ചു കൊല്ലലാണ് ഉത്തമമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. അക്രമകാരികളായ മൃഗങ്ങളെ പിടിച്ച് വേറെ എവിടെയെങ്കിലും കൊണ്ടുപോയി ഇട്ടാല്‍ അത് പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു. 1972ലെ ഫോറസ്റ്റ് നിയമ ഭേദഗതിയില്‍ മാറ്റമുണ്ടാകണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.  ‘ഐ.പി.സിയില്‍ പോലും സ്വയം രക്ഷക്കുവേണ്ടി നമുക്ക് ഒരു മനുഷ്യനെ കൊലപ്പെടുത്താം, കീഴ്പ്പെടുത്താം.

നിയമത്തിന് മുമ്പില്‍ നമുക്ക് പരിരക്ഷയുണ്ട്. പക്ഷെ ഒരു വന്യമൃഗത്തിനെ കൊലപ്പെടുത്തിയാല്‍ നമ്മള്‍ ജയിലില്‍ പോകും. അപ്പോള്‍ ഇതില്‍ ഒരു മാറ്റം ഉണ്ടാകണം. 1972-ലെ നിയമത്തില്‍ ഭേദഗതി ഉണ്ടാകണം. ആ ഭേദഗതി ഇന്ന് കേന്ദ്രം നടത്തണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി ഭാഗമായി ഒറ്റക്കെട്ടായി നമ്മള്‍ നീങ്ങേണ്ടതുണ്ട് ,’ ജോസ് കെ. മാണി പറഞ്ഞു.

കേരളത്തില്‍ താങ്ങാനാകാത്തതിനപ്പുറത്തേക്കുള്ള ജനസംഖ്യ എല്ലാ മൃഗങ്ങളിലുമുണ്ടെന്നും അതുകൊണ്ട് തന്നെ മനുഷ്യ ജീവനായിരിക്കണം എപ്പോഴും പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അരിക്കൊമ്പന്റെ വിഷയത്തില്‍ ഞാന്‍ പൂര്‍ണമായും കോടതി വിധിയെ മാനിക്കുന്നു. അരിക്കൊമ്പന്‍ പോലെയുള്ള ഏത് അക്രമകാരികളായ വന്യമൃഗങ്ങള്‍ ആയിക്കോട്ടേ അതിനെ പിടിച്ച് വേറെ എവിടെയെങ്കിലും കൊണ്ടുവിട്ടാല്‍ അത് പരാജയമാണെന്ന് ലോകരാഷ്ട്രങ്ങളില്‍ തെളിയിച്ചിട്ടുണ്ട്.
അങ്ങനെയുള്ള ആനകള്‍ ഏകദേശം 250 കിലോമീറ്ററുകള്‍ യാത്ര ചെയ്യും. അത് പഠനങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. ഇന്ന് കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണം എടുത്താല്‍ അറബിക്കടല്‍ മുതല്‍ പശ്ചിമ ഘട്ടം വരെ 150 കിലോമീറ്ററെയുള്ളു.

ഇപ്പോള്‍ അരിക്കൊമ്പന്‍ തിരിച്ച് ജനവാസ കേന്ദ്രത്തിലേക്ക് വരാന്‍ പോകുകയാണ്. കേരളത്തില്‍ താങ്ങാനാകാത്തതിനപ്പുറത്തേക്കുള്ള ജനസംഖ്യ എല്ലാ മൃഗങ്ങളിലുമുണ്ട്. അത്   കാട്ടുപോത്തോ, ആനയോ മറ്റ് ഏത് മൃഗമോ ആയിക്കോട്ടേ.
അപ്പോള്‍ ഇങ്ങനെയുള്ള മൃഗങ്ങള്‍ പുറത്തേക്കുവന്നാല്‍ ഷൂട്ട് അറ്റ് സൈറ്റ്, അഥവാ വെടിവെച്ചു കൊല്ലണം. നമ്മള്‍ സംരക്ഷണം കൊടുക്കേണ്ടത് മനുഷ്യര്‍ക്കാണ്. അല്ലെങ്കില്‍ ഇതിനെ പിടിച്ച് കൂട്ടിലടച്ച് വേറെ എവിടെയെങ്കിലും കൊണ്ടുപോകുക.

ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിമിതികള്‍ ഉണ്ട്. അവരുടെ ലക്ഷ്യം വനത്തിനെയും മൃഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് മനുഷ്യരെ അല്ല. അങ്ങനെയാണെങ്കില്‍ പൊലീസ് കൂടി ഇറങ്ങിച്ചെന്ന് അതിന് സംരക്ഷണം കൊടുക്കുവാനുള്ള തീരുമാനം ഉണ്ടാകണം,’ ജോസ് കെ. മാണി പറഞ്ഞു.